News >> അര്‍ജന്തീനയുടെ പ്രസിഡന്‍റ് മൗറീസിയൊ മക്രീ വത്തിക്കാനില്‍


തന്‍റെ ജന്മനാടായ അര്‍ജന്തീനയുടെ പ്രസിഡന്‍റ്  മൗറീസിയൊ മക്രീയെ ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച(27/02/16) വത്തിക്കാനില്‍ സ്വീകരിച്ചു.

അര്‍‍ജന്തീനയും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങള്‍. സമഗ്രവികസനം മനുഷ്യാവകാശങ്ങളോടുള്ള ആദരവ് ദാരിദ്ര്യത്തിനും മയക്കുമരുന്നു കടത്തിനുമെതിരായ പോരാട്ടം, നീതി, സമാധാനം സാമൂഹ്യ അനുരഞ്ജനം,  പ്രാദേശികസഭ മാനവപുരോഗതി, പുത്തന്‍ തലമുറയുടെ രൂപവത്ക്കരണം എന്നിവയ്ക്കേകുന്ന സംഭാവന തുടങ്ങിയ കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ ഒരു പത്രക്കുറിപ്പ് വെളിപ്പെടുത്തി.

 പ്രസിഡന്‍റ്  മൗറീസിയൊയക്കൊപ്പം എത്തിയിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യയെയും അനുചരരെയും പാപ്പാ അഭിവാദ്യം ചെയ്തു. .

അതിനിടെ

പാപ്പാ, ജര്‍മ്മനിയിലെ സ്വതന്ത്ര സംസ്ഥാനമായ ട്യൂറിങെന്‍റെ  MINISTER PRESIDENT അഥവാ ഭരണത്തലവന്‍ ബൊദൊ റമെലൊയ്ക്ക് വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.

ഫ്രാന്‍സീസ് പാപ്പായും   പത്നീ-അനുചരസമേതനായെത്തിയ  ബൊദൊ റമെലൊയും  തമ്മിലുള്ള ഈ കൂടിക്കാഴ്ച വെള്ളിയാഴ്ചയായിരുന്നു(26/02/16).

     ബൊദൊ റമെലൊയുമായുള്ള സ്വകാര്യകൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ അദ്ദേഹത്തിന്‍റെ പത്നിയ്ക്കും അദ്ദേഹത്തിന്‍റെ അനുചരര്‍ക്കും പൊതുവായി ദര്‍ശനം നല്കുകയും സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു.

     ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ലോകസംഭവങ്ങളുടെ 6 കോടിയോളം നശ്ചലചിത്രങ്ങളോ ചലച്ചിത്രങ്ങളോ മൊബൈല്‍ ഫോണിലൂടെ  അനുദിനം പങ്കുവയ്ക്കുന്നതിനു സഹായിക്കുന്ന സാമൂഹ്യവിനിമയശൃഖലസംവിധാനമായ ഇന്‍സ്റ്റഗ്രാമിന്‍റെ സഹസ്ഥാപകനും മേധാവിയുമായ 33 കാരനായ അമേരിക്കന്‍ സ്വദേശി കെവിന്‍ സിസ്ട്രോമിനെയും  അന്നുതന്നെ അതായത് വെള്ളിയാഴ്ച പാപ്പാ,  വത്തിക്കാനില്‍ സ്വീകരിച്ചു.

     ഉത്തരധ്രുവത്തില്‍ ഉണ്ടായിരിക്കുന്ന കാലാവസ്ഥമാറ്റത്തിന്‍റെ ഫലങ്ങള്‍, നേപ്പാളിലെ ഭൂകമ്പം തുടങ്ങിയവ ചിത്രീകരിച്ചിരിക്കുന്നതുള്‍പ്പടെയുള്ള പത്ത് ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ അടങ്ങിയ ഒരു ഗ്രന്ഥം അദ്ദേഹം പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു.  


Source: Vatican Radio