News >> മയക്കുമരുന്നിനടിമകളായവര്‍ക്ക് പാപ്പായുടെ കരുണാസ്പര്‍ശം
സമൂഹത്തില്‍ ഒറ്റപ്പെടുത്തപ്പെടുന്നവരായ മയക്കുമരുന്നിനടിമകളായവരുള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസകേന്ദ്രമായ വിശുദ്ധ ചാള്‍സിന്‍റെ നാമധേയത്തിലുള്ള സമൂഹം പാപ്പാ വെള്ളിയാഴ്ച(26/02/16) അപ്രതീക്ഷിതമായി സന്ദര്‍ശിച്ചു. വത്തിക്കാനില്‍ നിന്ന് 30 കിലോമീറ്ററിലേറെ തെക്കുമാറി സ്ഥിതിചെയ്യുന്ന കാസ്തല്‍ ഗന്തോള്‍ഫയ്ക്കടുത്തുള്ള ഈ കേന്ദ്രത്തില്‍ ഫ്രാന്‍സീസ് പാപ്പാ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ലൊയോടൊപ്പമാണ് എത്തിയത്. കരുണയുടെ ജൂബിലിവത്സരത്തില്‍, ആദ്ധ്യാത്മികവും ശാരീരികവുമായ കാരുണ്യ പ്രവൃത്തികളുടെ ഭാഗമായി, പാപ്പാ, മാസം തോറും ഒരു വെള്ളിയാഴ്ച, ഇത്തരമൊരു സന്ദര്‍ശനം നടത്താറുണ്ട്. ഈ പ്രതിമാസ വെള്ളിയാഴ്ചയ്ക്ക് കാരുണ്യ വെള്ളി എന്ന പ്രതീകാത്മക നാമം നല്കപ്പെട്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ പാപ്പാ ഇത്തവണയെത്തിയ വിശുദ്ധ ചാള്‍സിന്‍റെ നാമത്തിലുള്ള ഈ സമൂഹത്തിന്‍റെ സ്ഥാപകന്‍ ഇറ്റലി സ്വദേശിയായ വൈദികന്‍ മാരിയൊ പീക്കിയാണ്. 1980 ല്‍ തുറന്ന ഈ ഭവനം മയക്കുമരുന്നിനടിമകളായവരെ അതില്‍ നിന്ന് രക്ഷിക്കുന്നതിനായി അദ്ദേഹം ഐക്യദാര്‍ഢ്യത്തിന്‍റെ ഇറ്റാലിയന്‍ കേന്ദ്രം അഥവാ CENTRO ITALIAN DI SOLIDARIETA (ചേന്ത്രൊ ഇത്തലിയാനൊ ദി സൊളിദാരിയെത്ത) എന്ന പേരില്‍ ആരംഭിച്ച പ്രസ്ഥാനത്തില്‍ രണ്ടാമത്തെതാണ്. ആദ്യത്തേത് 1979 ല്‍ കസ്തേല്ലി റൊമാനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. . മയക്കുമരുന്നിനടിമകളായ 55 പേരാണ് ചികിത്സാവിധേയരായി ഇവിടെ താമസിക്കുന്നത്. പാപ്പാ അവരോടു കൂടെ സമയം ചിലവഴിക്കുകയും അവരുടെ കഥകള്‍ കേള്‍ക്കുകയും അവരെ ആശ്ലേഷിക്കുകയം തന്‍റെ സാമീപ്യം അവര്‍ക്ക് അനുഭവവേദ്യമാക്കുകയും ചെയ്തു. ആ സമൂഹത്തില്‍ അവര്‍ ആരംഭിച്ചിരിക്കുന്ന യാത്ര അന്തസ്സാര്‍ന്ന ഒരു ജീവിതം സാക്ഷാത്ക്കരിക്കാനുള്ള യാത്ര പുനരാരംഭിക്കാനുള്ള യഥാര്‍ത്ഥ അവസരമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ പാപ്പാ ശ്രമിക്കുകയും കരുണയുടെ ശക്തിയില്‍ നിരന്തരം വിശ്വാസമര്‍പ്പിക്കേണ്ടതിന്‍റെ ആവശ്യകത എടുത്തു കാട്ടുകയും ചെയ്തു. Source: Vatican Radio