News >> ആവേശം പകര്‍ന്ന് ദീപിക വാര്‍ഷികാഘോഷം

പാലാ: മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെ 129-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ആവേശമായി മാറി. പാലാ ളാലം സെന്റ് മേരീസ് പള്ളി പാരീഷ്ഹാളില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

മുന്‍ ധനമന്ത്രി കെ.എം. മാണി വാര്‍ഷികാഘോഷം ഉദ്ഘാടനംചെയ്തു. കര്‍ഷകന്റെ ശബ്ദമായ ദീപിക എക്കാലവും കര്‍ഷകര്‍ക്കൊപ്പമാണു നിലകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ ഇത്രയേറെ കൈകാര്യം ചെയ്ത മറ്റൊരു പത്രം മലയാളത്തിലില്ലെന്നും കാര്‍ഷിക മേഖലയില്‍ എവിടെ പ്രശ്നങ്ങളുണ്േടാ അവിടെയെല്ലാം കര്‍ഷകരോടൊപ്പംനിന്നുള്ള പ്രവര്‍ത്തനമാണു ദീപിക കാഴ്ചവച്ചിട്ടുള്ളതെന്നും കെ.എം. മാണി ചൂണ്ടിക്കാട്ടി.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മൂര്‍ച്ചയുള്ള ചിന്തയും ഭാഷയും പ്രദാനംചെയ്യുന്ന ദീപിക ദിശാബോധമുള്ള മൂല്യങ്ങളുടെ ലോകത്തേക്കാണു വായനക്കാരനെ നയിക്കുന്നതെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പത്രഭാഷകളില്‍ അനുദിനം അശുദ്ധി പടരുന്ന വര്‍ത്തമാനകാലത്തു ദീപിക നന്മയുടേതായ ഇരിപ്പിടം സൃഷ്ടിക്കുന്നു. മുഖംമൂടി ധരിച്ചെത്തുന്ന വാര്‍ത്തകള്‍ നമ്മെ ആക്രമിക്കുമ്പോള്‍ ഒഴുക്കിനെതിരേ നീന്തുന്ന പത്രമാണു ദീപികയെന്നും അദ്ദേഹം പറഞ്ഞു. 

രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ.മാണി പുതിയിടം ആമുഖ പ്രഭാഷണം നടത്തി. ദീപിക ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ദീപികയുടെ 129 വര്‍ഷത്തെ ചരിത്രമുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്തു പ്രസംഗിച്ചു. ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിച്ചു. ജോയി ഏബ്രഹാം എംപി, പാലാ രൂപത പാസ്ററല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഡോ.സിറിയക് തോമസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ദീപിക ഫ്രണ്ട്സ് ക്ളബ് പ്രസിഡന്റുമാരെയും ജൂബിലേറിയന്മാരായ ദീപിക ഏജന്റുമാരെയും കെ.എം. മാണി എംഎല്‍എ ആദരിച്ചു. ദീപിക പാലാ രൂപത കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ.ജോസഫ് കടുപ്പില്‍ ഡിഎഫ്സി യൂണിറ്റുകളെ പരിചയപ്പെടുത്തി. ജൂബിലേറിയന്മാരായ ദീപിക ഏജന്റുമാരെ ദീപിക സര്‍ക്കുലേഷന്‍ അസിസ്റന്റ് ജനറല്‍ മാനേജര്‍ ജോസഫ് ഓലിക്കലും എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ ദീപിക പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ടും പരിചയപ്പെടുത്തി. രാഷ്ട്രദീപിക ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ.താര്‍സീസ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. 

പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ് ചെയര്‍മാന്‍ മോണ്‍.ജോസഫ് കൊല്ലംപറമ്പില്‍ (പ്രഫഷണല്‍ എഡ്യൂക്കേഷന്‍), വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി (സാമൂഹ്യസേവനം), പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ട്രസ്റി റവ.ഡോ.ഫിലിപ്പ് ഞരളക്കാട്ട് (സിവില്‍ സര്‍വീസ് കോച്ചിംഗ്), ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍ എംഡി ഡോ.മുഹമ്മദ് ഇസ്മയേല്‍ (ആതുരസേവനം), കത്തേടന്‍ സ്റെയിന്‍സ് ഗ്ളാസ് ഇന്‍ഡസ്ട്രി ഉടമ റെജി വര്‍ഗീസ് (ഇന്റീരിയര്‍ ഡിസൈന്‍) എന്നിവര്‍ക്കാണു ദീപിക എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചത്.

ചലച്ചിത്രതാരം കോട്ടയം ന സീര്‍ ആന്‍ഡ് ടീം അവതരിപ്പിച്ച മെഗാഷോ പരിപാടികള്‍ക്ക് കൊഴുപ്പേകി.
Source: Deepika