News >> കര്‍ദിനാള്‍ ഡൊണാള്‍ഡ് വേളിന് ഊഷ്മള സ്വീകരണം
തിരുവനന്തപുരം: അമേരിക്കയിലെ വാഷിംഗ്ടണ്‍ അതിരൂപതയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേളിന് സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജില്‍ ഊഷ്മള സ്വീകരണം. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജില്‍ എത്തിയ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേളിനെ സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടത്ത്, അസിസ്റന്റ് ഡയറക്ടര്‍ അലക്സാണ്ടര്‍ വലിയവീട്ടില്‍, ഫാ. മാത്യു കടകംപള്ളില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കബാവയോടൊപ്പമാണ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ എത്തിയത്. ആശാഭവനിലെ കുരുന്നുകള്‍ ഇരുവരെയും മുല്ലപ്പൂ മാലയിട്ടാണ് സ്വീകരിച്ചത്.
സെന്റ് ജോണ്‍സ് മലങ്കര മെഡിക്കല്‍ വില്ലേജില്‍ പണി പൂര്‍ത്തിയായി വരുന്ന സായൂജ്യം എന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ നോക്കിക്കണ്ടു. പ്രായമായ വൈദികര്‍ക്ക് താമസിക്കുന്നതിനു വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നത്. മെഡിക്കല്‍ വില്ലേജില്‍ പുതുതായി ആരംഭിച്ച ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കാന്‍സര്‍ കെയര്‍ ഹോമും കര്‍ദിനാള്‍ സന്ദര്‍ശിച്ചു. സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജില്‍ ചികിത്സയില്‍ കഴിയുന്നവരെ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ സന്ദര്‍ശിച്ചു. ആശാഭവനിലെ കുരുന്നുകള്‍ക്ക് മധുരവിതരണവും നല്‍കിയാണ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ യാത്രയായത്. ഇന്നു രാവിലെ 6.15ന് നാലാഞ്ചിറ മേജര്‍ സെമിനാരിയില്‍ കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് കാമ്പസിലെ ജീസസ് യൂത്ത് അംഗങ്ങളെ അഭിസംബോധചെയ്യും.
വൈകുന്നേരം 7.30ന് പട്ടം മേജര്‍ ആര്‍ച്ച് ബിഷപ് ഹൌസില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. നാളെ ബംഗളൂരുവിലേക്ക് പോകുന്ന കര്‍ദിനാള്‍ ഡൊണാള്‍ഡ് വേള്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നനടക്കുന്ന ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കും.
Source: Deepika