News >> സിസ്റര്‍ റാണി മരിയയുടെ ചരമവാര്‍ഷികം ആചരിച്ചു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): ദൈവദാസി സിസ്റര്‍ റാണി മരിയയുടെ 21-ാം ചരമവാര്‍ഷികാചരണം ഇന്‍ഡോറിലെ ഉദയനഗറില്‍ നടന്നു. സിസ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയനഗര്‍ ശാന്തിസദന്‍ പള്ളിയില്‍ നടന്ന അനുസ്മരണ ശുശ്രൂഷകള്‍ക്കു നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹാം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, സാഗര്‍ ബിഷപ് മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ കാര്‍മികത്വംവഹിച്ചു. ശാന്തിസദന്‍ പള്ളി വികാരി ഫാ.ദയാരാജ്, പുല്ലുവഴി പള്ളി വികാരി ഫാ.ജോര്‍ജ് തോട്ടങ്കര, മധ്യപ്രദേശിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

ദിവ്യബലിയെത്തുടര്‍ന്നു പള്ളിക്കു സമീപമുള്ള സിസ്റര്‍ റാണി മരിയയുടെ കബറിടത്തില്‍ പ്രാര്‍ഥനാശുശ്രൂഷയും അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. സിസ്റര്‍ റാണി മരിയയുടെ ഘാതകന്‍ പതിവുപോലെ ഇക്കുറിയും അനുസ്മരണച്ചടങ്ങുകളില്‍ സംബന്ധിക്കാനെത്തി. തദ്ദേശവാസികളായ നിരവധി ആദിവാസികളും പള്ളിയിലെത്തിയിരുന്നു. പതിന്നാലു വര്‍ഷം ആസ്ത്മ രോഗിയായിരുന്ന സിസ്റര്‍ ലിനറ്റ് എഫ്സിസി (പാലക്കാട്), സിസ്റര്‍ റാണി മരിയയുടെ മധ്യസ്ഥതയില്‍ ലഭിച്ച രോഗശാന്തി അനുഭവം ചടങ്ങില്‍ പങ്കുവച്ചു. 

എഫ്സിസി ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ പ്രിന്‍സി, ജനറല്‍ കൌണ്‍സിലര്‍ സിസ്റര്‍ സ്റാര്‍ളി, സിസ്റര്‍ സോണി മരിയ, ഉദയനഗര്‍ മഠത്തിലെ മദര്‍ സുപ്പീരിയറും സിസ്റര്‍ റാണി മരിയയുടെ സഹോദരിയുമായ സിസ്റര്‍ സെല്‍മി പോള്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. 

ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് സന്യാസിനി സഭാംഗമായിരുന്ന സിസ്റര്‍ ആദിവാസികളുടെയും ഗ്രാമങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനുമായി പ്രവര്‍ത്തിക്കുന്നതിനിടെയാണു സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയുടെ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം കൊലയാളിയായ സമന്ദര്‍സിംഗ് മാനസാന്തരപ്പെട്ടു സിസ്ററിന്റെ കബറിടത്തിലെത്തി പ്രാര്‍ഥിക്കുകയും സിസ്ററിന്റെ പുല്ലുവഴിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. 

2003 ഫെബ്രുവരി 25ന് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സിസ്റര്‍ റാണി മരിയയെ ദൈവദാസിയായി പ്രഖ്യാപിച്ചു. സിസ്റര്‍ റാണി മരിയയുടെ ജന്മനാടായ പുല്ലുവഴിയില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള എഴുപതംഗ തീര്‍ഥാടക സംഘം ഉദയ്നഗറിലെത്തിയിരുന്നു.
Source: Deepika