News >> പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാസന്ദേശം
ഞായറാഴ്ച (28/02/16) വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഇവരെ പാപ്പാ, അരമനയുടെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ നിന്നുകൊണ്ട്, ഉച്ചയ്ക്ക് റോമിലെ സമയം 12 മണിക്ക്, അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചതിരിഞ്ഞ് 4.30, സംബോധന ചെയ്തു. നോമ്പുകാലത്തിലെ മൂന്നാമത്തേതായിരുന്ന ഇക്കഴിഞ്ഞ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗം, അതായത്, അനുതാപത്തിന്‍റെ അഭാവം നാശം ക്ഷണിച്ചുവരുത്തുമെന്നും ഫലംതരാത്ത വൃക്ഷം വെട്ടിക്കളയപ്പെടുമെന്നും യേശു മുന്നറിയിപ്പുനല്കുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 1 മുതല്‍ 9 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. പാപ്പായുടെ പ്രഭാഷണം താഴെ ചേര്‍ക്കുന്നു:പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, അനുദിനം, ദൗര്‍ഭാഗ്യഗരമെന്നു പറയട്ടെ, മോശമായ വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്: കൊലപാതകങ്ങള്‍, അപകടങ്ങള്‍, മഹാവിപത്തുകള്‍.....ഇന്നത്തെ സുവിശേഷത്തിലൂടെ യേശു, അവിടത്തെ ആ കാലഘട്ടത്തില്‍ സംഭവിച്ച സംക്ഷോഭകരമായ രണ്ടു ദുരന്തസംഭവങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്നു, അതായത്, റോമന്‍ പടയാളികള്‍ ദേവാലയത്തിനകത്ത് നടത്തിയ നിഷ്ഠൂര മര്‍ദ്ദനവും ജറുലേമില്‍, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ് 18 പേര്‍ കൊല്ലപ്പെട്ട സംഭവവും. തന്‍റെ ശ്രോതാക്കളുടെ അന്ധവിശ്വാസപൂരിത മനോഭാവം അറിയാമായിരുന്ന യേശുവിന് അവര്‍ അത്തരം സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമെന്ന ധാരണ ഉണ്ടായിരുന്നു. മനുഷ്യരുടെ അത്ര ദാരുണമായ ആ അന്ത്യം, അവര്‍ ചെയ്ത ഗുരുതരമായ തെറ്റുകള്‍ക്ക് ദൈവം നല്കിയ ശിക്ഷയുടെ അടയാളമാണ് എന്നാണ് വാസ്തവത്തില്‍ ജനങ്ങള്‍ ചിന്തിച്ചത്. അവര്‍ക്കങ്ങനെ വേണം എന്നു പറയുന്നതു പോലുള്ള ഒരു ചിന്തയാണത്. തങ്ങള്‍ ആ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത് തങ്ങള്‍ നല്ലവരായതു കൊണ്ടാണെന്ന ധ്വനിയും ആ ചിന്തയില്‍ അടങ്ങിയിരിക്കുന്നു. അവര്‍ അതര്‍ഹിക്കുന്നു. എന്‍റെ കാര്യങ്ങളൊക്കെ നന്നായിപ്പോകുന്നു. ഈ വീക്ഷണത്തെ യേശു അപ്പാടെ നിരാകരിക്കുന്നു. കാരണം തെറ്റുകള്‍ക്ക് ശിക്ഷയായി ദൈവം നല്കുന്നത് ദുരന്തങ്ങളല്ല. ആ ദുരന്തത്തിനിരകളായവര്‍ മറ്റുള്ളവരെക്കാള്‍ കുറ്റക്കാരായിരുന്നില്ലയെന്ന് യേശു വ്യക്തമാക്കുകയും, ഒപ്പം, വേദനാജനകങ്ങളായ ഈ സംഭവങ്ങള്‍ എല്ലാവര്‍ക്കുമുള്ള ഒരു താക്കീതാണെന്ന് മനസ്സിലാക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു; എന്തെന്നാല്‍ നാം എല്ലാവരും പാപികളാണ്. വാസ്തവത്തില്‍ തന്നെ ചോദ്യം ചെയ്തവരോട് അവിടന്ന് പറയുന്നു : പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും, ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 13, വാക്യം 3. ഇന്നും നമ്മള്‍ ചില ദുരന്തങ്ങള്‍ക്കും ദുഃഖകരമായ സംഭവങ്ങള്‍ക്കും മുന്നിലാണ്, ഇവയ്ക്കിരകളായവരുടെ മേലോ അല്ലെങ്കില്‍ ദൈവത്തിന്‍റെ മേല്‍ തന്നെയൊ ഇതിന്‍റെ ഉത്തരവാദിത്വം ആരോപിക്കാനുള്ള പ്രലോഭനം നമുക്കുണ്ടാകാം. എന്നാല്‍, ദൈവത്തെക്കുറിച്ചു നമുക്കുള്ള ആശയം എന്താണെന്ന് ചിന്തിക്കാന്‍ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ദൈവം ഇങ്ങനെ അല്ലെങ്കില്‍ അങ്ങനെ ആയിരിക്കും എന്ന നമ്മുടെ ബോധ്യങ്ങള്‍ ഒരുപക്ഷെ, നമ്മുടെ ഛായയിലും സാദൃശ്യത്തിലും നാം സൃഷ്ടിക്കുന്ന ഒരു ദൈവത്തിന്‍റെ രൂപമല്ലെ? നേരെ മറിച്ച്, യേശു നമ്മെ മാനസാന്തരത്തിലേക്ക്, തിന്മയുമായുള്ള ഉടമ്പടികളുപേക്ഷിച്ച്. ജീവിതയാത്രയില്‍ സമൂലമായൊരു തിരിച്ചുവരവു നടത്താന്‍, വിളിക്കുന്നു. അത് സുവിശേഷത്തിന്‍റെ പാതയില്‍ നിശ്ചയദാര്‍ഢ്യത്തോടെ പാദമൂന്നുന്നതിനാണ്. നാമെല്ലാവരും തിന്മയുമായി സന്ധിചെയ്യാറുണ്ട്, കാപട്യം നമ്മിലുണ്ട്, അതിന്‍റെ ഒരംശമെങ്കിലും നമ്മിലെല്ലാവരിലുമുണ്ട്. നമ്മെ ന്യായീകരിക്കുന്നതിന് വീണ്ടുമൊരു പ്രലോഭനം ഇവിടെയുണ്ട്, അതായത് നാം എന്തില്‍ നിന്നാണ് മാനസാന്തരപ്പെടേണ്ടത്? നാം നല്ലവരല്ലേ? ഇങ്ങനെ നാം എത്ര തവണ ചിന്തിച്ചിട്ടുണ്ടാകും? എന്താ അങ്ങനെ ചിന്തിച്ചിട്ടില്ലേ? നാം വിശ്വാസികളാണ്, വിശ്വാസം വേണ്ടത്ര അനുഷ്ഠിക്കുന്നവരാണ് എന്ന് ചിന്തിച്ചിട്ടില്ലേ? അങ്ങനെ നാം നീതീകരിക്കപ്പെട്ടവരാണെന്നു നാം സ്വയം കരുതുന്നു. നിര്‍ഭാഗ്യവശാല്‍ നമോരോരുത്തരും സദൃശരായിരിക്കുന്നത്, ഫലരഹിതമെന്ന് വര്‍ഷങ്ങളോളം, പലവുരു തെളിയിച്ച വൃക്ഷത്തോടാണ്. എന്നാല്‍ നമ്മുടെ ഭാഗ്യത്തിന് അനന്തമായ ക്ഷമയുള്ള കൃഷിക്കാരന്‍ യേശുവാണ്. ഫലം തരാത്ത അത്തിവൃക്ഷത്തിന് കുറച്ചു നാളുകള്‍ കൂടി നീട്ടി മേടിക്കുന്നു ആ കൃഷിക്കാരന്‍. അദ്ദേഹം യജമാനനോടു പറയുന്നു: ഈ വര്‍ഷം കൂടെ അതു നില‍്‍ക്കട്ടെ...ഞാന്‍ അതിന്‍റെ ചുവടു കിളച്ച് വളമിടാം. മേലില്‍ അതു ഫലം നല്കിയേക്കാം. (ലൂക്കാ അദ്ധ്യായം 13, വാക്യങ്ങള്‍ 8,9.) ദയയുടെ ഒരു വര്‍ഷം. അത് ക്രിസ്തുവിന്‍റെ ശുശ്രൂഷയുടെ സമയം, അവിടത്തെ മഹത്വപൂര്‍ണ്ണമായ ആഗമനത്തിനു മുമ്പുള്ള സഭയുടെ സമയം, അനുതാപത്തിനും രക്ഷയ്ക്കുമുള്ള അവസരങ്ങളായി നമ്മുടെ ജീവിതത്തില്‍ നോമ്പുകാലങ്ങളാല്‍ മുദ്രിതമായി നമുക്കു നല്കപ്പെട്ടിരിക്കുന്ന സമയം, കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷ സമയം. യേശുവിന്‍റെ അജയ്യമായ ക്ഷമ. ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പാപികളെക്കുറിച്ച് അവിടത്തേക്കുള്ള കുറഞ്ഞുപോകാത്ത ഔത്സുക്യത്തെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അപ്പോള്‍ നമ്മോടു തന്നെ അക്ഷമരായിരിക്കാന്‍ നമുക്കെങ്ങനെ സാധിക്കും? മാനസാന്തരപ്പെടുന്നതിന് സമയം ഇനിയും വൈകിയിട്ടില്ല. ഒരിക്കലും വൈകിയിട്ടില്ല. അവസാന നമിഷംവരെ സമയമുണ്ട്. ദൈവത്തിന്‍റെ ക്ഷമ നമ്മെ കാത്തിരിക്കുന്നു. ഉണ്ണിയേശുവിന്‍റെ വിശുദ്ധ കൊച്ചുത്രേസ്യ മരണത്തിനു വിധിക്കപ്പെട്ട ഒരു കുറ്റവാളിക്കായി പ്രാര്‍ത്ഥിക്കുമായിരുന്ന ചെറിയ ഒരു സംഭവം ഞാനോര്‍ക്കുന്നു. സഭയുടെ സാന്ത്വനം വേണമെന്നാഗ്രഹിക്കാത്തവനും, വൈദികനോട് മുഖംതിരിച്ചിരുന്നവനുമായിരുന്ന ആ കുറ്റവാളി ആ അവസ്ഥയില്‍ത്തനന്നെ മരിക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ കൊച്ചുത്രേസ്യ മഠത്തിലിരുന്നുകൊണ്ട് ആ കുറ്റവാളിക്കായി പ്രാര്‍ത്ഥിച്ചിരുന്നു. വധിക്കപ്പെടേണ്ട സമയമായപ്പോള്‍, വധശിക്ഷനടപ്പാക്കപ്പെടുന്നിടത്തുവച്ച്, ആ മനുഷ്യന്‍ വൈദികന്‍റെ നേര്‍ക്കു നോക്കി കുരിശെടുത്തു ചുംബിക്കുന്നു. ഇതാണ് തദൈവത്തിന്‍റെ ക്ഷമ. അത് അവിടന്ന് നാമെല്ലാവരോടും കാണിക്കുന്നു. അത് പലപ്പോഴും നമുക്കറിഞ്ഞുകൂടാ. സ്വര്‍ഗ്ഗത്തില്‍ വച്ച് അതു നമ്മള്‍ തിരിച്ചറിയും. നാം എത്രതവണ പതനത്തിന്‍റെ വക്കിലെത്തിയിരിക്കുന്നു. എന്നാല്‍ കര്‍ത്താവ് നമ്മെ രക്ഷിക്കുന്നു. കാരണം നമ്മോടു വലിയ ക്ഷമയുള്ളവനാണ് അവിടന്ന്. ഇതാണ് അവിടത്തെ കരുണ. അനുതപിക്കുന്നതിന് ഒരിക്കലും സമയം വൈകിയിട്ടില്ല, അത് അടിയന്തരമാണ്, ഇപ്പോഴാണ് ആ സമയം. മാനസാന്തരം ഇന്നു നമുക്ക് ആരംഭിക്കാം. ദൈവത്തിന്‍റെ കൃപയ്ക്കും അവിടത്തെ കാരുണ്യത്തിനും ഹൃദയം തുറന്നുകൊടുക്കാന്‍ നമുക്കു സാധിക്കുന്നതിന് പരിശുദ്ധകന്യകാമറിയം നമ്മെ തുണയ്ക്കട്ടെ. മറ്റുള്ളവരെ വിധിക്കാതിരിക്കുന്നതിനും, അനുദിന ദൗര്‍ഭാഗ്യങ്ങള്‍ ഗൗരവതരമായ ആത്മശോധനയ്ക്കും അനുതാപത്തിനും നമുക്ക് പ്രേരകമായിത്തീരുന്നതിനും കന്യകാമറിയം നമ്മെ സഹായിക്കട്ടെ.ഈ വാക്കുകളെ തുര്‍ന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലപ്രാര്‍ത്ഥന നയിക്കുകയും തുടര്‍ന്ന് എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ, യുദ്ധങ്ങളിലും മനുഷ്യോചിതമല്ലാത്ത അവസ്ഥകളിലും നിന്ന് പലായനം ചെയ്യുന്ന ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ചനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.അഭയാര്‍ത്ഥികളായ ജനങ്ങള്‍ക്ക് ഉദാരതോയടെ സഹായഹസ്തം നീട്ടുന്നതില്‍ മുന്നണിയില്‍ നില്ക്കുന്ന ഗ്രീസിനെയും ഇതര നാടുകളെയും കുറിച്ചനുസ്മരിച്ച പാപ്പാ എല്ലാനടുകളുടെയും സഹകരണം ഇവിടെ ആവശ്യമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. കൂട്ടായ പരിശ്രമം ഫലദായകമായിരിക്കുമെന്നും ഭാരം തുല്യമായി വീതിക്കപ്പെടണമെന്നും ഇതിന് ഉപാധികള്‍ കൂടാതെയുള്ള ചര്‍ച്ചകള്‍ക്കൂന്നല്‍ നല്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സിറിയയില്‍ വെടിനിറുത്തല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വാര്‍ത്ത പ്രത്യാശാജനകമാണെന്ന് സൂചിപ്പിച്ച പാപ്പാ ഇത് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സാന്ത്വനദായകമാകുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഈ വെടിനിറുത്തല്‍, ആവശ്യമായ മാനവികസഹായം എത്തിക്കുന്നതിനും സംഭാഷണത്തിനും ഏറെ അഭിലഷിക്കപ്പെടുന്ന സമാധാനത്തിനുമുള്ള വഴി തുറക്കപ്പെടുന്നതിന് സാഹചര്യമൊരുക്കട്ടെയന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. ഫീജി ദ്വീപില്‍ ചുഴലിക്കാറ്റു ദുരന്തത്തിനിരകളായവര്‍ക്കു തന്‍റെ സാമീപ്യം പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ഉറപ്പു നല്കുകയും ആ പ്രകൃതിദുരന്തം മൂലം യതാനകളനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ത്രികാലപ്പാര്‍ത്ഥനയ്ക്കണഞ്ഞിരുന്ന വിവിധ സംഘടനകളുടെയും സംഘങ്ങളുടെയും പ്രതിനിധികളെ പ്രത്യേകം സംബോധനചെയ്യവ്വെ പാപ്പാ അപൂര്‍വ്വ രോഗങ്ങളെക്കുറിച്ചവബോധം സൃഷ്ടിക്കുന്നതിനായുള്ള ലോകദിനം, 4 വര്‍ഷത്തിലൊരിക്കല്‍, ഫെബ്രുവരി 29 ന് ആചരിക്കരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലക്കാങ്കണത്തില്‍ സന്നിഹിതാരയിരുന്ന ഒരു സംഘത്തെ അഭിവാദ്യം ചെയ്യുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. Source: Vatican Radio