News >> കുഞ്ഞുങ്ങളുടെ സംശയത്തിനു തൂവല്‍സ്പര്‍ശംപോലെ മാര്‍പാപ്പയുടെ വാക്കുകള്‍

വത്തിക്കാന്‍സിറ്റി: ഗഹനമായ വിഷയങ്ങളെക്കുറിച്ചുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും ഗൌരവമേറിയ ഡിക്രികളും ചാക്രികലേഖനങ്ങളും പ്രസിദ്ധീകരിച്ച മാര്‍പാപ്പയുടെ വാക്കുകള്‍ കുരുന്നുകള്‍ക്കു തൂവല്‍സ്പര്‍ശത്തിന്റെ സാന്ത്വനമേകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ക്കാണു ഫ്രാന്‍സിസ് മാര്‍പാപ്പ ലളിതമായ വാക്കുകളില്‍ ഉത്തരം നല്‍കിയത്. ഡിയര്‍ പോപ്പ് ഫ്രാന്‍സിസ്(പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പാ) എന്ന പുസ്തകത്തിലാണു കുട്ടികളുടെ ചോദ്യങ്ങളും അതിനുള്ള മറുപടികളും. ഇത്തരത്തില്‍ മാര്‍പാപ്പയുടെ ആദ്യപുസ്തകമാണിത്. 

കെനിയയില്‍നിന്നുള്ള കൊച്ചുസുന്ദരി എട്ടുവയസുള്ള നടാഷയ്ക്ക് അറിയേണ്ടത് ഈശോ വെള്ളത്തിനുമീതേ നടന്നത് എങ്ങനെയെന്നാണ്. പാപ്പായുടെ ഉത്തരം ലളിതം - ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. കാനഡയില്‍നിന്നു റയാന്‍ കെ. എന്ന കുട്ടിയുടെ സംശയം ലോകസൃഷ്ടിക്കുമുമ്പു ദൈവം എന്തു ചെയ്തിരുന്നു എന്നാണ്. നീണ്ട താടിയുള്ള ദൈവം ഭൂഗോളത്തിനുമേല്‍ നില്‍ക്കുന്ന ചിത്രംകൂടി ചോദ്യത്തോടൊപ്പം റയാന്‍ റോമിലേക്ക് അയച്ചിരുന്നു. പുസ്തകത്തില്‍ മറ്റു ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നതുപോലെ റയാനിന്റെ ചോദ്യവും ചിത്രത്തോടൊപ്പമാണ് നല്‍കിയിരിക്കുന്നത്. റയലിന്റെ ചോദ്യത്തിനൊപ്പം റയാന്‍ വരച്ച ചിത്രമാണ് നല്‍കിയിരിക്കുന്നത്.

ദൈവമാണു സമയത്തെ സൃഷ്ടിച്ചത്. എല്ലാറ്റിലുമുപരി, കറയില്ലാത്ത സ്നേഹമായ, സര്‍വനന്മകളുടെയും സ്വരൂപമായ ദൈവം എല്ലാറ്റിനേയും സ്നേഹിച്ചു. ഇതാണു റയാനു വിശദമായി നല്‍കിയ ഉത്തരത്തിന്റെ കാതല്‍. മരിച്ച ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും സ്വര്‍ഗത്തിലിരുന്നു നമ്മെ കാണാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും സാധിക്കുമെന്നാണ് ഉത്തരം. ഔദ്യോഗിക കര്‍മങ്ങളില്‍ വലിയ തൊപ്പിവയ്ക്കുന്നത് എന്തിനാണെന്നതിന് ബിഷപ് ആയതിനാലാണെന്ന് സംശയദൂരീകരണം.

അദ്ഭുതം പ്രവര്‍ത്തിക്കാന്‍ ഒരേയൊരു അവസരം മാത്രം ലഭിച്ചെന്നിരിക്കട്ടെ. അപ്പോള്‍ എന്ത് അദ്ഭുതമായിരിക്കും ചെയ്യുക? പെട്ടെന്നുതന്നെ മാര്‍പാപ്പ ഉത്തരംനല്‍കി - ലോകത്ത് രോഗബാധിതരായ എല്ലാ കുഞ്ഞുങ്ങളെയും സുഖപ്പെടുത്തും. 

പോളണ്ടിലെ ബാസിയ എന്ന എട്ടുവയസുകാരിക്ക് അറിയേണ്ടത് പാപ്പാ എട്ടാംവയസില്‍ ആരാകാനാണ് ആഗ്രഹിച്ചതെന്നാണ്. ചെറുപുഞ്ചിരിയോടെയാണ്, ഇറച്ചിവെട്ടുകാരന്‍ എന്നു മാര്‍പാപ്പ ഇതിനു മറുപടി നല്‍കിയത്. 31 ചോദ്യങ്ങളും 31 ചിത്രീകരണങ്ങളും പുസ്തകത്തിലുണ്ട്. എല്ലാ ചോദ്യങ്ങളും ലളിതമായിരുന്നില്ല. ക്ളേശത്തിന്റെയും ദുരന്തത്തിന്റെയും കയ്പ് അനുഭവിച്ചവരില്‍നിന്നുള്ള ചോദ്യങ്ങള്‍ ഗൌരവമുള്ളതായിരുന്നു. 

യുദ്ധത്തിന്റെ തീവ്രത നേരിട്ട് അനുഭവിച്ച സിറിയയില്‍നിന്നുള്ള മുഹമ്മദ്(10) തകര്‍ന്നുകൊണ്ടിരിക്കുന്ന ലോകം വീണ്ടും പഴയ പ്രൌഢിയോടെയും സൌന്ദര്യത്തോടെയും പുനഃസ്ഥാപിക്കപ്പെടുമോ എന്നാണ് ചോദിച്ചത്. കുരുന്നു മനസിലെ വേദനയുടെ വ്യാപ്തി മനസിലാക്കിയ പാപ്പ മുഹമ്മദിനെ സാന്ത്വനിപ്പിച്ചു. ഇപ്പോഴത്തെ ദുരിതാവസ്ഥ ഏറെക്കാലം നീണ്ടുനില്‍ക്കില്ലെന്ന് പാപ്പാ ആശ്വസിപ്പിച്ചു.

പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പാ, എന്റെ അമ്മ സ്വര്‍ഗത്തിലാണ്. അമ്മയ്ക്ക് മാലാഖമാരെപ്പോലെ ചിറകുകളുണ്ടാകുമോ എന്നാണ് ഓസ്ട്രേലിയയില്‍നിന്ന് എട്ടുവയസുള്ള ലൂക്ക ചോദിച്ചത്. ചിറകുകള്‍ മുളയ്ക്കില്ല. മോനെ ഏറെ സ്നേഹിച്ചിരുന്ന അമ്മയല്ലേ. മോനോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ കണ്ടതിനേക്കാള്‍ സൌന്ദര്യമുണ്ട് സ്വര്‍ഗത്തിലായിരിക്കുമ്പോള്‍. പുഞ്ചിരിയോടെ മോനോടു തുളുമ്പുന്ന സ്നേഹവുമായിട്ടാണ് അമ്മ കഴിയുന്നത്- മാര്‍പാപ്പ മറുപടിനല്‍കി.

സിവില്‍ത്താ കത്തോലിക്ക എന്ന ഇറ്റാലിയന്‍ മാസികയുടെ പത്രാധിപരായ ഫാ. അന്റോണിയോ സ്പദാരോയുടെ ബുദ്ധിയിലുദിച്ച ആശയമാണു പുസ്തകരൂപത്തിലായത്. മാര്‍പാപ്പയുമായി ഈ ആശയം പങ്കുവച്ചപ്പോള്‍ അത് പുസ്തകമാക്കാന്‍ സന്തോഷത്തോടെ നിര്‍ദേശിക്കുകയും ചെയ്തു. ചോദ്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച് അവയ്ക്കുള്ള മാര്‍പാപ്പയുടെ ഉത്തരങ്ങള്‍ ഫാ. അന്റോണിയോ കുറിച്ചെടുത്തു. 2013ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റശേഷം ആദ്യ അഭിമുഖം നടത്തിയത് ഫാ. അന്റോണിയോ ആയിരുന്നു.
Source: Deepika