News >> സഭ നേരിടുന്ന വെല്ലുവിളികള്‍ സിബിസിഐ പ്ളീനറി അസംബ്ളി ചര്‍ച്ചചെയ്യും: മാര്‍ ക്ളീമിസ് ബാവ
സി.കെ. കുര്യാച്ചന്‍
ബംഗളൂരു: സുവിശേഷവത്കരണ ദൌത്യം വിജയകരമായി നിറവേറ്റുമ്പോള്‍ത്തന്നെ ഭാരതസഭ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്െടന്നു ഭാരത കത്തോലിക്ക മെത്രാന്‍ സഘം(സിബിസിഐ) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. വെല്ലുവിളികള്‍ സഭയ്ക്കുള്ളില്‍നിന്നും പുറത്തുനിന്നും ഉണ്ടാകുന്നുണ്െടന്നും മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുകൂടിയായ മാര്‍ ക്ളീമിസ് ബാവ പറഞ്ഞു. ബംഗളൂരു സെന്റ് ജോണ്‍സില്‍ ഇന്നു തുടങ്ങുന്ന 32-ാമത് സിബിസിഐ പ്ളീനറി അസംബ്ളിയെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ദൈവവിശ്വാസം പഠിപ്പിക്കുന്നതിനും പ്രഖ്യാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വെല്ലുവിളികളുണ്ട്. വിശ്വാസ സമൂഹമെന്ന നിലയില്‍ സഭയുടെ പ്രധാന കര്‍ത്തവ്യമാണിത്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം കൂടിയാണ് ഇത്. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്യ്രമാണ് ഭരണഘടന നല്‍കുന്നത്. രാജ്യത്തിന്റെ ഊടും പാവുമായ ഈ മഹത്തായ മതേതരത്വത്തില്‍ കത്തോലിക്കാസഭയ്ക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. നാനാത്വത്തില്‍ ഏകത്വവും ബഹുസ്വരതയുമാണു ഭാരതസംസ്കാരത്തിന്റെ മുഖമുദ്ര. ഇവയ്ക്കെല്ലാം നേരേ ഉയരുന്ന വെല്ലുവിളികള്‍ സിബിസിഐ പ്ളീനറി അസംബ്ളി ചര്‍ച്ചചെയ്യും. ക്രൈസ്തവ സഭയോളംതന്നെ പഴക്കമുള്ളതാണ് ഭാരതത്തിലെ കത്തോലിക്കാസഭ. ഇക്കാലമത്രയും രാഷ്ട്രനിര്‍മാണത്തില്‍ സഭ സജീവമാണ്.
അടിസ്ഥാനപരമായി വിശ്വാസ സമൂഹമായി നിലകൊള്ളുമ്പോള്‍ത്തന്നെ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായാണ് ഭാരതസഭ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും സഭ നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ചികിത്സാസൌകര്യങ്ങളും എത്തിക്കുന്നതില്‍ സഭ പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. 170 രൂപതകളും ഇത്തരം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതുവഴി രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയാണു ചെയ്യുന്നതെന്ന് മാര്‍ ക്ളീമിസ് ബാവ പറഞ്ഞു.
സഭയ്ക്കുള്ളില്‍നിന്നുണ്ടാവുന്ന വെല്ലുവിളികള്‍ ഓരോ മേഖലയില്‍നിന്നുമുള്ള മെത്രാന്‍മാര്‍ സമ്മേളനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഇതേക്കുറിച്ചു കൂട്ടായ ചര്‍ച്ച നടത്തിയശേഷമായിരിക്കും പ്രതികരിക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ വര്‍ഷത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിന് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കും. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും എല്ലാവരേയും ശ്രവിക്കുന്നതുമാണ് സഭയുടെ ശൈലി. അതിനാലാണ് മെത്രാന്മാരും വൈദികരും അല്മായരുമെല്ലാം സമ്മേളനത്തിലെ വിവിധ ചര്‍ച്ചകളില്‍ സംബന്ധിക്കുന്നതെന്നും മാര്‍ ക്ളീമിസ് കാതോലിക്ക ബാവ പറഞ്ഞു.
മതാന്തര സംവാദമാണ് സഭ ആഗ്രഹിക്കുന്നതെന്ന് സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. അതിനാലാണ് ഈ സിബിസിഐ സമ്മേളനത്തില്‍ ഹൈന്ദവ, ഇസ്ലാം മതപണ്ഡിതന്മാരായ ഡോ. മോര്‍ സദാനന്ദ്, ഡോ. ഇനാം ദാര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ആരെയും ആക്രമിക്കുക സഭയുടെ ശൈലിയല്ല. എതിര്‍ക്കുന്നവരോടുപോലും പ്രത്യാക്രമണം നടത്താതെ ചര്‍ച്ചകള്‍ നടത്താനാണ് സഭ ആഗ്രഹിക്കുന്നത്. ജാതി-മത-വര്‍ഗ പരിഗണനകളില്ലാതെ എല്ലാവര്‍ക്കുമായാണ് സഭയുടെ എല്ലാ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും നടത്തുന്നത്. രാജ്യത്തെ ഗ്രാമീണ വിദ്യാഭ്യാസത്തിന്റെ സിംഹഭാഗവും നടത്തുന്നത് സഭയാണ്. കൂടാതെ രാജ്യത്തെ എച്ച്ഐവി ബാധിതരില്‍ 20 മുതല്‍ 30 ശതമാനംവരെ പേര്‍ക്ക് ആശ്രയമരുളുന്നതും സഭയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു.
Source; Deepika