News >> കാരുണ്യവും വിശ്വാസവും ഒന്നാണ്: ആര്‍ച്ച്ബിഷപ് മാര്‍ ഞരളക്കാട്ട്
ബാംഗളൂര്‍: ദൈവവിശ്വാസവും സഹജീവികളോടുള്ള കാരുണ്യവും ഒരേനാണയത്തിന്റെ ഇരുവശങ്ങള്‍പോലെ പരസ്പര ബന്ധിതമാണെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. അഖിലേന്ത്യാ ദൈവശാസ്ത്ര കമ്മീഷന്റെ കര്‍ണാടക റീജണല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ നടന്ന സമ്മേളനം മാണ്ഡ്യാ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ദൈവകരുണയുടെ സജീവസാക്ഷികളാകാന്‍ സഭയ്ക്കും സമൂഹത്തിനും കഴിയുമ്പോള്‍ മാത്രമേ സുവിശേഷത്തിന് പ്രായോഗികത കൈവരിക്കാനാകൂ എന്നു മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. ദൈവകരുണയുടെ പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും സഭയ്ക്ക് നൂതനമായ ദിശാബോധം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവശാസ്ത്ര സമ്മേളനത്തില്‍ റവ. ഡോ. ജോസഫ് പാംപ്ളാനി, റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്ക് ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് നേതൃത്വം നല്‍കി. ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ റെക്ടറും ക്രൈസ്റ് യൂണിവേഴ്സിറ്റി ചാന്‍സലറുമായ റവ. ഡോ. തോമസ് ഐക്കര സിഎംഐ സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. സീറോമലബാര്‍ സഭ ദൈവശാസ്ത്ര കമ്മീഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പള്ളി കൃതജ്ഞതയര്‍പ്പിച്ചു.
Source: Deepika