News >> ആവശ്യത്തിലായിരിക്കുന്ന മനുഷ്യനെ സഹായിക്കുന്നത് സഹോദരധര്‍മ്മമെന്ന് പാപ്പാ ഫ്രാന്‍സിസ്


ആവശ്യത്തിലായിരിക്കുന്ന സഭാ സമൂഹങ്ങളെ സഹായിക്കുന്ന പ്രസ്ഥാനം,Aid to the Church in Need സഹാനുഭാവത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണെന്ന്, പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

മാര്‍ച്ച് 1-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി 'സാന്താ മാര്‍ത്ത'യില്‍വച്ച് സംഘടന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.  പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍, അലെസാന്ത്രോ മോന്തെദൂരോ കൂടിക്കാഴ്ചയില്‍ പാപ്പായ്ക്കൊപ്പം സന്നിഹിതനായിരുന്നു. വത്തിക്കാന്‍ റേ‍ഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് സംഘടയെക്കുറിച്ചുള്ള പാപ്പായുടെ പ്രതികരണങ്ങള്‍ മോന്തെദൂരെ വെളിപ്പെടുത്തിയത്.

ബ്യൂനസ് ഐരസില്‍ താന്‍ മെത്രാനായിരുന്ന കാലംമുതല്‍ അടുത്ത് പരിചയമുള്ള പ്രസ്ഥാനമാണ് ആവശ്യത്തിലുള്ള സഭാസമൂഹങ്ങളെ വിശിഷ്യ, പീഡിതരായ ക്രൈസ്തവരെ തുണയ്ക്കുന്ന ഈ പ്രസ്ഥാനമെന്ന് പാപ്പാ പറഞ്ഞു. അറുപതിലേറെ വര്‍ഷങ്ങള്‍ പഴക്കുമുള്ള ഈ ഉപവിപ്രസ്ഥാനം ചെയ്യുന്ന സേവനങ്ങള്‍ക്ക് നന്ദിപറഞ്ഞ പാപ്പാ, അതിന്‍റെ സ്ഥാപകനായ ഫാദര്‍ വേണ്‍ഫ്രീഡ് ഫൊണ്‍ സ്ട്രാറ്റനെ സ്നേഹത്തോടെ അനുസ്മരിക്കുകയും, സഭയുടെ സേവനപാതയിലെ ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

Aid to the Church in Need ആവശ്യത്തിലുള്ള സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം 1947-മുതലാണ് വത്തിക്കാന്‍റെ അനുമതിയോടും അംഗീകാരത്തോടുകൂടെ ഉപവി പ്രവര്‍ത്തന രംഗത്തേയ്ക്ക് കടന്നുവന്നതെന്ന് പാപ്പാ അനുസ്മരിച്ചു.  പീഡിതരായ ക്രൈസ്തവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കുക, അങ്ങനെ അവരുടെ വിശ്വാസജീവിതം തുടരുവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷങ്ങളോടെയാണ് പ്രസ്ഥാനം ജര്‍മ്മനിയില്‍ സ്ഥാപിതമായത്.

രാജ്യാന്തരതലത്തില്‍ വിവിധ രാജ്യങ്ങളിലെ ഭാഷകളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക സചിത്ര ബഹുവര്‍ണ്ണ ബൈബിള്‍ ലഭ്യമാക്കുക എന്നത് Aid to the Church in Need പ്രസ്ഥാനത്തിന്‍റെ സവിശേഷമായ പദ്ധതിയാണെന്നും, അത് ലോകത്തെ 21 രാജ്യങ്ങളില്‍ പൂര്‍ത്തീകരിച്ചുവെന്നും കൂടിക്കാഴ്ചയില്‍ ഡയറക്ടര്‍ മൊന്തെദൂരോ  വെളിപ്പെടുത്തി.

പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ആത്മീയനിയന്താവ് പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയുടെ മെത്രാപ്പോലീത്തയും ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്ട്സ് കൂടിക്കാഴ്ചയ്ക്ക് സന്നിഹിതനായിരുന്നു.

Source: Vatican Radio