News >> കരുണതേടി യുവജനങ്ങള്‍ പോളണ്ടിലെ ക്രാക്കോയിലെത്തും ലോകയുവജന മാമാങ്കം
കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം ലോകയുവത ക്രാക്കോയില്‍ ആഘോഷിക്കുമെന്ന്, ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ലോകയുവജന സംഗമ കമ്മറ്റി അംഗവുമായ മനോജ് സണ്ണി അറിയിച്ചു. മാര്‍ച്ച് 2-ാം തിയതി ബുധനാഴ്ച റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ടേലിഫോണ്‍ അഭിമുഖത്തിലാണ് മനോജ് സണ്ണി ഇക്കാര്യം പങ്കുവച്ചത്.ക്രാക്കോയിലെ യുവജനമേളയ്ക്ക് ഇനി 149 ദിവസങ്ങള്‍മാത്രം ബാക്കിനില്ക്കെ, കാരുണ്യത്തിന്‍റെ പ്രത്യേക ജുബിലി വര്‍ഷത്തില്‍ പതിവിലും കൂടുതല്‍ യുവജനങ്ങളെയാണ് ക്രാക്കോയില്‍ പ്രതീക്ഷിക്കുന്നതെന്ന് മനോജ് സണ്ണി വെളിപ്പെടുത്തി. ലോകയുവജന സംഗമത്തിന്‍റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ജന്മനാട്ടിലാണ് ഈ സംഗമമെന്നത് യുവജനങ്ങളെ ആകര്‍ഷിക്കുന്നതും ഹരംപിടിപ്പിക്കുന്നതുമായ വസ്തുതയാണെന്ന് സണ്ണി അഭിപ്രായപ്പെട്ടു.'കരുണ്യമുള്ളവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ അവര്‍ക്കു കരുണലഭിക്കു'മെന്ന സുവിശേഷസൂക്തമാണ് (മത്തായി 5, 7) ജൂബിലിവര്‍ഷത്തിലെ ലോകസംഗമത്തിന് യുവജനങ്ങള്‍ക്ക് പ്രചോദനമായി പാപ്പാ ഫ്രാന്‍സിസ് നല്‍കിയിരിക്കുന്നതെന്നും മനോജ് സണ്ണി അനുസ്മരിച്ചു.ക്രാക്കോയില്‍ കാണാമെന്ന പ്രത്യാശയിലും ആവേശത്തിലും ലോകമെമ്പാടുമുള്ള ക്രൈസ്തവ യുവജനങ്ങള്‍ ഒരുങ്ങുകയാണെന്നും, ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ലോകയുവതയ്ക്ക് അനുഭവവേദ്യമാകുന്ന സവിശേഷദിനങ്ങളായിരിക്കും ജൂലൈ 26-മുതല്‍ 31-വരെ പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടെയുള്ള ജൂബിലിവര്‍ഷത്തിലെ ക്രാക്കോ യുവജന മാമാങ്കമെന്ന് മനോജ് സണ്ണി അഭിപ്രായപ്പെട്ടു.Source: Vatican Radio