News >> വിദ്യാഭ്യാസരംഗത്തെ കാവിവത്കരണം ആശങ്കാജനകമെന്നു സിബിസിഐ

സി.കെ. കുര്യാച്ചന്‍

ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിലും വിദ്യാഭ്യാസ മേഖലയുടെ കാവിവത്കരണത്തിലും സഭയ്ക്ക് ആശങ്കയുണ്െടന്നു സിബിസിഐ സമ്മേളന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചില സംഘടനകള്‍ നടത്തുന്ന ഘര്‍ വാപസിയിലും സഭ ആശങ്കപ്പെടുന്നു. മതമൌലികവാദികളുടെ സമ്മര്‍ദം മൂലം രാജ്യത്തിന്റെ മതേതരത്വത്തിനു ഭീഷണിയാകുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. ദേശീയതയെക്കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി ജനാധിപത്യത്തിനു ഭീഷണിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ഭീതിയോടെയാണു കാണുന്നത്. രാജ്യത്തിന്റെ പലഭാഗത്തും ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടന്നു. ഡല്‍ഹി, പശ്ചിമ ബംഗാളിലെ നദിയ, ആഗ്ര എന്നിവിടങ്ങളില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. റായ്പുരിലും റാണാഘട്ടിലും കന്യാസ്ത്രീകള്‍ക്കെതിരേയുണ്ടായ അതിക്രമത്തിലും സിബിസിഐ റിപ്പോര്‍ട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. 

സിറിയയിലടക്കം, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവര്‍ക്കെതിരേ അരങ്ങേറുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാമിക് സ്റേറ്റിന്റെ കടന്നുകയറ്റം മൂലമുണ്ടാകുന്ന അഭയാര്‍ഥി പ്രവാഹം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു. പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയുടെ വെളിച്ചത്തില്‍ പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വന്‍കിടരാജ്യങ്ങള്‍ തമ്മിലുള്ള കിടമത്സരം മൂലം ലോകസമാധാനവും മാനവവികസനവും ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു. 

രാജ്യത്തിന്റെ പലഭാഗങ്ങളിലും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും സിബിസിഐ റിപ്പോര്‍ട്ട് ഉത്കണ്ഠ രേഖപ്പെടുത്തുന്നു. നരേന്ദ്ര ധാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സ്വാതന്ത്യ്രത്തെയും അവകാശത്തെയും ചോദ്യംചെയ്യുന്നു. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന ബില്ലിന്റെ പേരില്‍ വൈദികര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. കോയമ്പത്തൂരില്‍ വൈദികനെ ആക്രമിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. അംബികാപുര്‍ രൂപതയില്‍ സ്കൂളില്‍ വൈദികനെതിരേയുണ്ടായ വ്യാജ ആരോപണങ്ങളും ആശങ്കയുളവാക്കുന്നതാണ്. 

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമവും ബാലസംരക്ഷണ നിയമവും (പോക്സോ) സിബിസിഐയുടെ പ്രഖ്യാപിത മൂല്യങ്ങളോടു ചേര്‍ന്നു നില്ക്കുന്നതാണ്. സ്വഛ് ഭാരത് അഭിയാന്‍ സാമൂഹിക അവബോധവും ആരോഗ്യപരിപാലനവും വളര്‍ത്താനുതകുന്ന സംരംഭമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വം ലോകത്തെ വിസ്മയിപ്പിക്കുന്നതാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാര്‍പാപ്പയുടെ ഇടപെടലുകള്‍ വഴി സഭയുടെ വിശ്വാസ്യതയും അംഗീകാരവും ലോകസമൂഹത്തില്‍ വര്‍ധിച്ചിട്ടുണ്ട്. സഭാന്തര സംവാദങ്ങളിലും സഭൈക്യത്തിലും ശക്തമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും ലോകനേതാക്കളെ ഉത്തേജിപ്പിച്ചിട്ടുണ്ട്. അമേരിക്ക- ക്യൂബ ബന്ധത്തിലുണ്ടായ ഉണര്‍വിലും സഭയുടെ സംഭാവനയുണ്ടായി. 

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യാമ്മയുടെയും ശ്രീലങ്കയിലെ ഫാ. ജോസഫ് വാസിന്റെയും വിശുദ്ധനാമകരണം ഭാരതസഭയ്ക്കു പുത്തനുണര്‍വ് പകര്‍ന്നു. മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി ഭാരതസഭ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Source: Deepika