News >> മാര്‍പാപ്പ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഔദ്യോഗിക ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വത്തിക്കാനും ഈ വാര്‍ത്ത സ്ഥിരീകരിച്ചതായി വത്തിക്കാന്‍, പാക്, അമേരിക്കന്‍ മാധ്യമങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇനിയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ക്ഷണം കിട്ടിയാല്‍ ഈ വര്‍ഷം അവസാനമോ, 2017ലോ ഇന്ത്യയും സന്ദര്‍ശിക്കുമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ ക്ഷണിച്ചാല്‍ പാക്കിസ്ഥാനിലും ഇന്ത്യയിലും ഒരുമിച്ചു സന്ദര്‍ശനം നടത്തുന്ന കാര്യവും പരിഗണിക്കും.
ബംഗളൂരുവില്‍ യോഗത്തിലുള്ള ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി വൈകാതെ കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ വര്‍ഷം മാര്‍പാപ്പ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.
പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന്റെ തീയതിയും വിശദാംശങ്ങളും പിന്നീടു മാത്രമേ തീരുമാനിക്കൂ. പാക്കിസ്ഥാനിലെ മുതിര്‍ന്ന മന്ത്രിമാരായ കംറാന്‍ മൈക്കിളും സര്‍ദാര്‍ യൂസഫും വത്തിക്കാനിലെത്തിയാണു മാര്‍പാപ്പയ്ക്കുള്ള പ്രധാനമന്ത്രിയുടെ ക്ഷണക്കത്തു കൈമാറിയത്.
പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യ മന്ത്രി സര്‍ദാര്‍ യൂസഫിന്റെയും തുറമുഖ മന്ത്രി കംറാന്‍ മൈക്കിളിന്റെയും നേതൃത്വത്തിലുള്ള ഉന്നതതല സംഘം മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, പാക്കിസ്ഥാനിലെ ഭീകരത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി വത്തിക്കാനില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ മാര്‍പാപ്പ പങ്കെടുത്തു.
സമാധാന നായകനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പാക്കിസ്ഥാനു വളരെ വിലപ്പെട്ടതാണെന്നു മന്ത്രിതല സംഘം പറഞ്ഞു. പാക്കിസ്ഥാനിലേക്കുള്ള മാര്‍പാപ്പയുടെ വരവിനെ വളരെ ആഹ്ളാദത്തോടെയാണു പാക് ജനത സ്വീകരിക്കുന്നതെന്ന് ഇസ്ലാമാബാദ്- റാവല്‍പിണ്ടി ബിഷപ് ഡോ. റൂഫിന്‍ ആന്റണി പറഞ്ഞു. ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കു വലിയ പ്രോത്സാഹനമാണിത്. പാക് സര്‍ക്കാരിനായിരിക്കും മാര്‍പാപ്പയുടെ സുരക്ഷയുടെ ഉത്തരവാദിത്വമെന്നും ബിഷപ് വിശദീകരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത വരവിനെ വളരെ ആവേശപൂര്‍വമാണു ക്രൈസ്തവര്‍ സ്വീകരിക്കുന്നതെന്ന് സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ദേശീയ കമ്മീഷനിലെ ഫാ. സലേ ഡീഗോ അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനിലെ 28 ലക്ഷം ക്രൈസ്തവര്‍ ജനസംഖ്യയുടെ 1.6 ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമാണ്. ഇന്ത്യയിലാകട്ടെ രണ്ടരക്കോടിയോളം ക്രൈസ്തവരുണ്ട്. മൊത്തം ജനസംഖ്യയുടെ 2.3 ശതമാനമാണു ക്രൈസ്തവരെന്നാണ് ഏറ്റവും ഒടുവിലത്തെ സെന്‍സസ് പറയുന്നത്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഏറ്റവും അവസാനം ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ചത്. 1981ല്‍ പാക്കിസ്ഥാനും 1986ല്‍ ഇന്ത്യയും സന്ദര്‍ശിച്ചു. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കത്തോലിക്കാ വിശുദ്ധരായ അല്‍ഫോന്‍സാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതു ജോണ്‍ പോള്‍ മാര്‍പാപ്പയുടെ 1986ലെ കോട്ടയം സന്ദര്‍ശന വേളയിലായിരുന്നു. ദീപികയുടെ ശതാബ്ദി ആഘോഷങ്ങളും മാര്‍പാപ്പ അന്ന് ഉദ്ഘാടനം ചെയ്്തിരുന്നു.
Source: Deepika