News >> കിഴക്കന്‍ തീമോറിന്‍റെ പ്രധാനമന്ത്രി പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തി


ദ്വീപു രാജ്യമായ കിഴക്കന്‍ തീമോറിന്‍റെ പ്രധാനമന്ത്രി, റൂയി അരൂജോ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

മാര്‍ച്ച് 3-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍വച്ചാണ് പ്രധാനമന്ത്രി അരൂജോ പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തിയത്. ഔപചാരികമായ കൂടിക്കാഴ്ചയില്‍ കിഴക്കന്‍ തീമോര്‍-വത്തിക്കാന്‍ നയതന്ത്ര ബന്ധത്തിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ പാപ്പായുമായി പ്രധാനമന്ത്രി അരൂജോ പങ്കുവച്ചു. രാഷ്ട്രനിര്‍മ്മിതിയെയും സാമൂഹ്യ വികസനത്തെയും തുണയ്ക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളില്‍ സഭ ചെയ്തിട്ടുള്ള സ്തുത്യര്‍ഹമായ സേവനങ്ങള്‍ അരൂജോ നന്ദിയോടെ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു.

തുടര്‍ന്ന് പ്രസിഡന്‍റ് അരുജോയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായി നടന്ന കൂടിക്കാഴ്ചയില്‍ 2015-ല്‍ ഇരുസംഖ്യങ്ങളും സന്ധിചേര്‍ന്ന സാമൂഹ്യ-രാഷ്ട്രീയ ഔദ്യോഗിക കരാറിന്‍റെ സ്ഥിരീകരണം നടത്തുകയുണ്ടായി.  പ്രധാനമന്ത്രി അരൂജോയും വത്തിക്കാനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ പരോളിനും ഒപ്പുവച്ചു സ്ഥിരീകരിച്ച ഔദ്യോഗിക ഉടമ്പടിയുടെ കോപ്പികള്‍ കൈമാറുകയും ചെയ്തു.

കൂടിക്കാഴ്ചയുടെ സമാപനത്തില്‍ 2015 ആഗസ്റ്റില്‍ കിഴക്കന്‍ തീമോറിന്‍റെ സുവിശേഷവത്ക്കരണത്തിന്‍റെ 5-ാം ശതാബ്ദിവേളയില്‍ തലസ്ഥാനമായ ദിലിയില്‍ തനിക്കു നല്കിയ സ്വീകരണത്തെയും ആതിഥേയത്ത്വത്തെയും കര്‍ദ്ദിനാള്‍ പരോളിന്‍ സന്തോഷത്തോടെ അനുസ്മരിക്കുകയും നന്ദിപറയുകയും ചെയ്തു.  

Source:Vatican Radio