News >> തെറ്റുസമ്മതിക്കുന്നവര്‍ ദൈവത്തിന്‍റെ കരുണയ്ക്കായ് ഹൃദയംതുറക്കുന്നവര്‍


തെറ്റു സമ്മതിക്കുന്നവര്‍ ദൈവത്തിന്‍റെ കരുണയ്ക്കായ് ഹൃദയം തുറക്കുകയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

മാര്‍ച്ച് 3-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തു ചെയ്ത നന്മകണ്ടിട്ടും സമൂഹത്തില്‍ അറിവുള്ളവര്‍ അവിടുത്തെ എതിര്‍ക്കുകയായിരുന്നു. അനുകൂലിക്കാത്തവന്‍ തന്‍റെ പ്രതിയോഗിയാണെന്ന് പറയുന്ന സുവിശേഷഭാഗത്തിന് പാപ്പാ നല്കുന്ന വ്യാഖ്യാനമിതാണ്. പ്രതിയോഗിയായി തള്ളപ്പെടുന്നവര്‍ തെറ്റു മനസ്സിലാക്കുകയും അത്, ഏറ്റുപറയുകയും ചെയ്താല്‍ ദൈവത്തിന്‍റെ കരുണ അവരെ തേടിയെത്തുമെന്ന് വചനസമീക്ഷയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 11, 14-23).  

നന്മയെ എതിര്‍ക്കുന്നവര്‍ ഹൃദയം കഠിനമാക്കുകയാണ്. അവര്‍ ദൈവത്തിന്‍റെ കരുണയില്‍നിന്നും അകന്നു പോവുകയായിരുന്നെന്ന്, ക്രിസ്തു ചൂണ്ടിക്കാട്ടി. ജനം ക്രിസ്തുവിന്‍റെ നന്മ കണ്ടു. അവര്‍ അതില്‍ ദൈവത്തിന്‍റെ സ്നേഹവും കാരുണ്യം ആസ്വദിച്ചു, അത് അംഗീകരിച്ചു. എന്നാല്‍ സമൂഹത്തിലെ നേതാക്കള്‍ പണ്ഡിതന്മാരും അറിവുള്ളവരും ദൈവിക നന്മയെയും, സ്നേഹത്തെയും കാരുണ്യത്തെയും തിരസ്ക്കരിച്ച്, ഹൃദയം കഠിനമാക്കിയെന്ന് പാപ്പാ പ്രസ്താവിച്ചു.

പരാജയപ്പെട്ട വിശ്വസ്തത, പതറിയ വിശ്വാസം അടഞ്ഞ ഹൃദയത്തിന്‍റെ അവസ്ഥയാണ്. ദൈവത്തിന്‍റെ കരുണയ്ക്കായ് ഹൃദയം കൊട്ടിയടയ്ക്കുന്നവര്‍ അവിശ്വസ്തരാണ്. ദൈവത്തോടുള്ള വിശ്വസ്തത അവിടുത്തെ കാരുണ്യത്തിനായ് ഹൃദയം തുറന്നുകൊണ്ടാണ്. അനുതാപവും അനുരഞ്ജനവും യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെയാണ്.  അതിനാല്‍ നാം അനുദിനം ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

ആദ്യ വായനയില്‍ ജെറമിയാ പ്രവാചകനും, ദൈവം തന്‍റെ ജനത്തിനായി ചെയ്തിട്ടുള്ള നന്മകള്‍ എണ്ണിയെണ്ണി പറയുന്നു (ജെറെമിയ 7, 23-28). പ്രവാചകന്‍ പറയുന്ന ചരിത്രം മനുഷ്യര്‍ക്കായ് ദൈവം തുറന്ന വിശ്വസ്തതയുടെ ഉടമ്പടി വെളിപ്പെടുത്തന്നു. എന്നാല്‍ മനുഷ്യന്‍ എപ്പോഴും അവിശ്വസ്തനായിരുന്നു. മനുഷ്യന്‍ ദൈവത്തിനെതിരെ ഹൃദയം കഠിനമാക്കി, ഹൃദയം കൊട്ടിയടച്ചു.

സങ്കീര്‍ത്തകന്‍ പറയുന്നു, 'ഇന്നു നിങ്ങള്‍ ഹൃദയം കഠിനമാക്കാരുതേ, കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുവിന്‍...!? (സങ്കീ.94).

Source: Vatican Radio