News >> ലോകത്തിന്‍റെ വന്‍തിളക്കത്തിനു പിന്നില്‍ പതിയിരിക്കുന്ന ദീപ്തമായ തിന്മ
പുണ്യത്തിന്‍റെ മുഖംമൂടിയണിഞ്ഞെത്തുന്ന 'ദീപ്തമായ തിന്മ' ഇന്നിന്‍റെ പ്രത്യേകതയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.മാര്‍ച്ചു 3-ാം തിയതി വ്യാഴാഴ്ച രാവിലെ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.നന്മയായും പുണ്യമായും തോന്നുന്ന വിധത്തിലാണ് ആധുനിക ജീവിതം മനോഹാരിതയില്‍ മുന്നേറുന്നത്. എന്നാല്‍ 'മിന്നുതൊന്നും പൊന്നല്ലെന്നും' പുണ്യമല്ലെന്നും, ലോകത്തു നാം ഇന്നു കാണുന്ന വന്‍തിളക്കത്തിനു പിന്നില്‍ ഏറെ 'ദീപ്തമായ തിന്മ' (splendid vices) പതിയിരിപ്പുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ആധുനിക ശാസ്ത്രവും സാങ്കേതികതയും കുത്തിവയ്ക്കുന്ന മിഥ്യാബോധം മനുഷ്യമനസ്സുകളില്‍ ധാര്‍മ്മിക അനിശ്ചിതത്വം വളര്‍ത്തിയിട്ടുണ്ട്. സമൂഹത്തില്‍ കുടിയേറിയിരിക്കുന്ന പുണ്യപാപങ്ങളുടെയും, നന്മതിന്മകളുടെയും സങ്കലനം സൃഷ്ടിക്കുന്ന അനിശ്ചിതത്ത്വം ധാര്‍മ്മികമേഖലയില്‍ വിശിഷ്യാ, ജീവന്‍റെ മേഖലയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്ട്. വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ദ്ധരും ഡോക്ടര്‍മാരും ഉള്‍പ്പെട്ട സമ്മേളനത്തെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.യഥാര്‍ത്ഥമായ നന്മയും പുണ്യവും മനുഷ്യന്‍റെ ചിന്തയെയും പ്രവൃത്തികളെയും ഒരുപോലെ നയിക്കുമെന്നും, അത് ദൈവത്തില്‍ അധിഷ്ഠിതവും നിരന്തരമായ പരിശ്രമവും വിവേചനവുംകൊണ്ട് ആര്‍ജ്ജിച്ചെടുക്കേണ്ടതാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു.വൈദ്യശാസ്ത്രത്തിന്‍റെയും ആരോഗ്യപരിചാരകരുടെയും മേഖലയിലുള്ളവര്‍ ശാസ്ത്രീയ ജ്ഞാനത്തോടും സാങ്കേതികതയോടുമൊപ്പം മനുഷ്യത്ത്വവും കൂട്ടിയിണക്കിയെങ്കിലേ ജീവന്‍ പരിരക്ഷിക്കാനാവൂ എന്ന് പാപ്പാ പറഞ്ഞു.ജൈവധാര്‍മ്മികത ജീവനോടുള്ള ആദരവുമാത്രമല്ല, മനുഷ്യനിലെ നന്മകണ്ടെത്താനാകുന്നതാണ്. മനുഷ്യജീവനെ പിന്‍തുണയ്ക്കുന്നതും സംരക്ഷിക്കുന്നതുമായ അറിവും സാങ്കേതികയും ഉപകരണങ്ങളും ഇന്ന് ശാസ്ത്രീയ മേഖലയില്‍ ലഭ്യമാണെങ്കിലും, മനുഷ്യത്വം ഇല്ലാതെപോകുന്നതിനാല്‍ പലപ്പോഴും ജീവന്‍ അവഗണിക്കപ്പെടുകയും നഷ്ടമാവുകയും ചെയ്യുന്നുണ്ട്. പാപ്പാ ചൂണ്ടിക്കാട്ടി. മനുഷ്യാന്തസ്സ് ഏവിടെയും എപ്പോഴും മാനിക്കപ്പെടേണ്ടതാണ്. അതിനാല്‍ ജീവന്‍റെ പരിചരണത്തില്‍ വ്യാപൃതരാകുന്നവരുടെ ഹൃദയവും മനസ്സും ജീവനെ ആദരിക്കുന്നതും മാനിക്കുന്നതും സ്നേഹിക്കുന്നതും ആയിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.സഭാദൗത്യം മതപരിവര്‍ത്തനമല്ല. ദൈവികദാനമായ ജീവന്‍ പരിരക്ഷിക്കുവാനും ജീവന്‍റെ മനോഹാരിത വളര്‍ത്തുവാനും അത് നിലനിര്‍ത്തുവാനുമുള്ളതാണ്. സഭയും സഭാസ്ഥാപനങ്ങളും അങ്ങനെ യഥാര്‍ത്ഥമായ കരുണയുടെയും സ്നേഹത്തിന്‍റെയും പുണ്യങ്ങളുടെയും പ്രയോക്താക്കളായിക്കൊണ്ട് ദൈവിക കാരുണ്യവും സ്നേഹവും എവിടെയും സകലരുടെ ജീവനെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവരെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പങ്കുവയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.ജീവന്‍റെ സുസ്ഥിതിക്ക് ആധാരം ശാസ്ത്രമോ സാങ്കേതികതയോ അല്ല, മനുഷ്യഹൃദയമാണ്. ദൈവം നല്കിയ സ്വാതന്ത്ര്യത്തില്‍ മനുഷ്യഹൃദയത്തില്‍ ഉതിര്‍ക്കൊള്ളുന്ന നന്മയാണ് ജീവിനെ നിലനിര്‍ത്തുന്നതും, പരിരക്ഷിക്കുന്നതും. കാരണം നന്മതിന്മകളുടെ സ്രോതസ്സ് മനുഷ്യഹൃദയമാണ്. നന്മയെന്നപോലെ, തിന്മയും മനുഷ്യന്‍റെ ഹൃദയത്തില്‍നിന്നുമാണ് ഉടലെടുക്കുന്നത്. മനുഷ്യഹൃദയത്തിലേയ്ക്കാണ് കൃപയും സ്നേഹവും ദൈവം വര്‍ഷിക്കുന്നത്. നമ്മുടെ മനുഷ്യത്വവും അന്തസ്സും ഹൃദയത്തിന്‍റെ നന്മയില്‍ ജീവിതപുണ്യങ്ങളായി രൂപപ്പെടണമെന്നത് പാപ്പായുടെ പ്രഭാഷണത്തിലെ ശ്രദ്ധേയമായ ചിന്തയായിരുന്നു. അതിനാല്‍ മനുഷ്യന്‍ പരിശ്രമിക്കേണ്ടത് ഹൃദയാന്തരാളത്തിലെ അടിസ്ഥാന നന്മയും പുണ്യവും അനുദിനം ജീവിക്കുവാനും നിലനിര്‍ത്തുവാനുമാണ്.'ഹൃദയത്തില്‍ പാപംചെയ്യുന്നവന്‍ പാപത്തിന് അടിമയായി തീരുന്നു.' (യോഹ. 8, 34).Source: Vatican Radio