News >> സഭാസ്ഥാപനങ്ങള്‍ കാരുണ്യത്തിന്‍റെ മരുപ്പച്ചയാവണം


സഭാസാന്നിദ്ധ്യം ദൈവത്തിന്‍റെ കരുണയായി മനുഷ്യര്‍ക്ക് അനുഭവവേദ്യമാക്കണമെന്ന്,  ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴില്‍ കമ്മിഷന്‍റെ ചെയര്‍മാന്‍,  ബിഷപ്പ് ഓസ്വാള്‍ഡ് ലൂയിസ് പ്രസ്താവനയിലൂടെ സഭാസ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തൊഴിലാളികള്‍ക്ക് സഭാസ്ഥാപനങ്ങള്‍ കാരുണ്യത്തിന്‍റെയും നീതിയുടെയും  മരുപ്പച്ചയായി അനുഭവപ്പെടണമെന്ന് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി  മാര്‍ച്ച് 1-ാം തിയതി ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ബിഷപ്പ് ലൂയിസ് അഭ്യര്‍ത്ഥിച്ചു.

ജൂബിലി വര്‍ഷം ഉത്തേജിപ്പിക്കുന്ന നീതിയില്‍ അധിഷ്ഠിതമായ കാരുണ്യം ക്രൈസ്തവ സ്ഥാപനങ്ങളില്‍ - ആദ്യം ദേവാലയങ്ങള്‍, സഭയുടെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ആതുരാലയങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാവര്‍ത്തികവും അനുഭവവേദ്യവുമാക്കണമെന്ന് ജെയ്പൂര്‍ രൂപതാദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് ലൂയിസ് ഉദ്ബോധിപ്പിച്ചു. ന്യായമായ വേതനം, ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ, അവധി, വിശ്രമം എന്നിവയിലൂടെ നീതിയുള്ള ദൈവികകാരുണ്യം ക്രൈസ്തവ സ്ഥാപനങ്ങള്‍ തൊഴില്‍ മേഖലയില്‍ നടപ്പിലാക്കണമെന്ന് ബിഷപ്പ് ലൂയിസ് വളരെ കൃത്യമായി ചൂണ്ടിക്കാട്ടി.

തൊഴില്‍ മനുഷ്യാന്തസ്സിന് അടിസ്ഥാനമാണെന്നും, ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ മനുഷ്യന്‍ ന്യായമായി പങ്കുചേരുന്നതിന്‍റെ ഭാഗമാണതെന്നും... അതിനാല്‍ ദൈവിക പുണ്യമായ കാരുണ്യത്തെ നീതിയുടെ പിന്‍ബലത്താല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് അനിവാര്യമാണെന്ന് ബിഷപ്പ് ലൂയിസ് അഭിപ്രായപ്പെട്ടു.

ജൂബിലിയുടെ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് കാരുണ്യത്തിന്‍റെയും നീതിയുടെയും അഭ്യര്‍ത്ഥന സഭാസ്ഥാപനങ്ങളോടു സിബിസിഐ ലെയ്ബര്‍ കമ്മിഷന്‍ നടത്തിയിരിക്കുന്നത്.

Source: Vatican Radio