News >> യെമനില്‍ അരങ്ങേറയിത് പൈശാചികാക്രമണം - പാപ്പാ
യെമനില്‍,
ഉപവിയുടെ പ്രേഷിതകള്‍ എന്ന സന്ന്യാസിനീസമൂഹത്തിലെ 4 കന്യാസ്ത്രികളുള്‍പ്പടെ ഏതാനും പേരുടെ ജീവനപഹരിച്ച ഭീകരാക്രമണത്തെ പാപ്പാ അപലപിക്കുകയും ഈ ദുരന്തത്തില്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്യുന്നു.ബുദ്ധിശൂന്യവും പൈശാചികവുമായ ആക്രമാണ് ഇതെന്ന് ഫ്രാന്‍സീസ് പാപ്പാ കുറ്റപ്പെടുത്തുന്നു.വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ശനിയാഴ്ച (05/03/16) പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് പാപ്പായുടെ ഈ അപലപനം ഉള്ളത്.അര്‍ത്ഥശൂന്യമായ ഈ കൊലപാതകം മനസ്സാക്ഷികളെ ഉണര്‍ത്തുകയും ഹൃദയപരിവര്‍ത്തനത്തിലേക്കു നയിക്കുകയും ആയുധങ്ങള്‍ താഴെവച്ച് സംഭാഷണത്തിന്‍റെ സരണിയില്‍ ചരിക്കാന്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതിനായി പാപ്പാ പ്രാര്‍ത്ഥിക്കുന്നു.അക്രമം വെടിഞ്ഞ് യെമനിലെ ജനങ്ങളോട്, വിശിഷ്യ, ആവശ്യത്തിലിരിക്കുന്നവരോടുള്ള പ്രതിബദ്ധത നവീകരിക്കാന്‍ പാപ്പാ സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരോട് ദൈവനാമത്തില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.യെമനിലെ ഏഡന്‍ തുറമുഖത്തിനു സമീപം വൃദ്ധസദനത്തില്‍ നാലംഗ അക്രമിസംഘം വ്യാഴാഴ്ച(04/03/16) രാവിലെയാണ് വെടിവെയ്പു നടത്തിയത്.ജാര്‍ക്കണ്ഡ് സ്വദേശിനി ആന്‍സുലം, റുവാണ്ടക്കാരികളായ മാര്‍ഗരറ്റ്, റിജിനിറ്റ്, കെനിയസ്വദേശിനിയായ ജൂഡിറ്റ് എന്നീവരാണ് കൊല്ലപ്പെട്ട 4 കന്യാസ്ത്രികള്‍.ഈ അഗതിമന്ദിരത്തിന്‍റെ ചുമതല തൊടുപുഴ സ്വദേശിയായ സിസ്റ്റര്‍ സാലിക്കാണ്.ഈ ഭവനത്തില്‍ ആദ്ധ്യാത്മിക ശുശ്രുഷകള്‍ നടത്താന്‍ എത്തിയിരുന്ന പാലാ രാമപുരം സ്വാദേശിയും സലേഷ്യന്‍ സമൂഹാംഗവുമായ വൈദികന്‍ ടോം ഉഴുന്നാലിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നു. 54 കാരനായ അദ്ദേഹം 5 വര്‍ഷമായി യെമനില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.Source: Vatican Radio