News >> കൊല്ലപ്പെട്ട നാലു കന്യാസ്ത്രീകളുടെ മൃതദേഹങ്ങള്‍ ഏഡനില്‍ സംസ്കരിക്കും

കോട്ടയം: യെമനിലെ ഏഡനില്‍ കൊലചെയ്യപ്പെട്ട ജാര്‍ഖണ്ഡിലെ ഗുംല സ്വദേശി സിസ്റര്‍ ആന്‍സുലം (57), റുവാണ്ടയില്‍നിന്നുള്ള സിസ്റര്‍മാരായ മാര്‍ഗരറ്റ് (44), റിജിനിറ്റ് (32), കെനിയയില്‍നിന്നുള്ള സിസ്റര്‍ ജൂഡിറ്റ് (41) എന്നിവരുടെ മൃതദേഹങ്ങള്‍ ഏഡനില്‍ സംസ്കരിക്കാന്‍ തീരുമാനിച്ചു. മൃതദേഹങ്ങള്‍ അതത് രാജ്യങ്ങളിലെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അവിടത്തന്നെ സംസ്കരിക്കുന്നത്. 

തീവ്രവാദികള്‍ വെള്ളിയാഴ്ച രാവിലെ കൂട്ടക്കൊല നടത്തിയ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട തൊടുപുഴ ഇളംദേശം പുല്‍പ്പറമ്പില്‍ സിസ്റര്‍ സാലിയെ ഇന്ത്യയിലെത്തിക്കാന്‍ വിദേശമന്ത്രാലയം നടപടികള്‍ ആരംഭിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവിടെ ആശുപത്രിയില്‍ പോലീസ് സംരക്ഷണയില്‍ കഴിയുന്ന സിസ്റര്‍ സാലിയുമായി ഞായറാഴ്ച ഫോണില്‍ സംസാരിച്ചു. യെമനിലേക്കു വിമാന സര്‍വീസ് പരിമിതമായതിനാല്‍ അയല്‍ രാജ്യത്ത് എത്തിച്ചശേഷം കോല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. 

കൂട്ടക്കൊലയ്ക്കുശേഷം മഠത്തോടു ചേര്‍ന്ന ചാപ്പലില്‍നിന്നു തോക്കുധാരികള്‍ തട്ടിയെടുത്തുവെന്നു കരുതുന്ന സലേഷ്യന്‍ സഭാംഗമായ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ (56)ക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നോര്‍ക്ക ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ബന്ധുവുമായ നോയല്‍ തോമസ് പറഞ്ഞു. ഐഎസ്, അല്‍ക്വയ്ദ തുടങ്ങിയവയില്‍ ഏതു വിഭാഗമാണ് അക്രമത്തിനു പിന്നിലെന്നു വ്യക്തമാകാത്തതിനാല്‍ ഫാ. ടോമിനെ കണ്െടത്താനുള്ള വഴികളൊന്നും തെളിഞ്ഞിട്ടില്ല. യെമനിലെ ഭരണകൂടവുമായും ഏഡനിലുള്ള ചില സംഘടനകളുമായും തുടരെ ഇന്ത്യന്‍ വിദേശമന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ട്. വത്തിക്കാന്‍ നയതന്ത്ര വിഭാഗവും ഇക്കാര്യത്തില്‍ ഇടപെടുന്നുണ്ട്.

യെമനില്‍ കഴിയുന്ന മറ്റൊരു സലേഷ്യന്‍ വൈദികനും മലയാളിയുമായ ഫാ. ജോര്‍ജ് സലേഷ്യന്‍ സഭയുടെ ബംഗളൂരുവിലെ പ്രോവിന്‍ഷ്യല്‍ ഹൌസുമായി ബന്ധപ്പെടുന്നുണ്ട്. ഫാ. ടോം ഉഴുന്നാലില്‍ എവിടെയുണ്െടന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. മഠവും അതിനോടു ചേര്‍ന്നുള്ള അഗതിമന്ദിരവും പോലീസ് സംരക്ഷണയിലാണ്. 

പുറത്തുനിന്ന് ആരെയും മഠത്തിലേക്ക് കടത്തിവിടുന്നില്ല. അഗതിമന്ദിരത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫാ. ടോമിനെ കണ്െടത്താനായില്ല.

ഏഡനില്‍ മദര്‍ തെരേസ സ്ഥാപിച്ച അഗതിമന്ദിരത്തിനു നേരേയുണ്ടായ ആക്രമണത്തിലും കൂട്ടക്കൊലയിലും ഫ്രാന്‍സിസ് മാര്‍പാപ്പ അതിയായ ആശങ്കയും ദുഃഖവും രേഖപ്പെടുത്തിയിരുന്നു.
Source: Deepika