News >> ഏഡനിലെ മിഷനറിമാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: യെമനിലെ ഏഡനില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഇവര്‍ അംഗങ്ങളായ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെയും ഇവരുടെ കുടുംബങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്ന് പ്രാര്‍ഥിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന സലേഷ്യന്‍ വൈദികന്‍ രാമപുരം സ്വദേശി ഫാ. ടോം ഉഴുന്നാലിലിനെ കണ്െടത്തി മോചിപ്പിക്കാന്‍ യെമന്‍, ഇന്ത്യ സര്‍ക്കാരുകള്‍ സഹകരിച്ച് സാധ്യമാവുന്ന നടപടികള്‍ കൈക്കൊള്ളണം. വത്തിക്കാനിലെ നയതന്ത്ര വിഭാഗവും ഇക്കാര്യത്തില്‍ പ്രയത്നിക്കുന്നുണ്ട്. അക്രമസംഭവത്തില്‍ നിന്നു രക്ഷപ്പെട്ട തൊടുപുഴ സ്വദേശിനി സിസ്റര്‍ സാലിയെ ഇന്ത്യയിലെത്തിക്കാനും വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആവശ്യമായ സഹായം നല്‍കേണ്ടതുണ്ട്.
യെമന്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും നേരെ വിഘടനവാദികള്‍ അക്രമം നടത്തുന്നത് അപലപനീയമാണ്. വലിയ ത്യാഗങ്ങളേറ്റെടുത്തുകൊണ്ടാണ് ഇവര്‍ പ്രേഷിത ജോലികളില്‍ വ്യാപരിക്കുന്നത്. ആത്മീയ, വിദ്യാഭ്യാസ രംഗങ്ങളിലുള്‍പ്പെടെ ഓരോ പ്രദേശത്തിന്റെയും സമഗ്രമായ വളര്‍ച്ചയ്ക്കുവേണ്ടിയാണ് മിഷനറിമാര്‍ അധ്വാനിക്കുന്നത്. മിഷനറിമാര്‍ക്ക് ആവശ്യമായ സംരക്ഷണവും പ്രോത്സാഹനവും നല്‍കാന്‍ ഭരണകൂടങ്ങള്‍ക്കും കടമയുണ്ട്.
ഐക്യരാഷ്ട്രസഭയും വിവിധ ലോകരാജ്യങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടു സ്വീകരിക്കണം. ക്രിസ്തുവിന്റെ ദൌത്യം ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ സജീവമായി ഇന്നു തുടരുന്ന മുഴുവന്‍ മിഷനറിമാര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കാന്‍ കത്തോലിക്കാ സഭയിലെ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് തങ്ങളുടെ പ്രേഷിതദൌത്യം നിര്‍വഹിക്കാന്‍ മിഷനറിമാര്‍ ശക്തരാകുന്നതിന് വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ഥന ആവശ്യമാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
Source: Deepika