News >> സിബിസിഐ സമ്മേളനം ഇന്നു സമാപിക്കും
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) മുപ്പത്തിരണ്ടാമതു പ്ളീനറി അസംബ്ളിക്ക് ഇന്നു ബംഗളൂരുവില്‍ സമാപനമാകും. ഒരാഴ്ച നീണ്ട സമ്മേളനത്തില്‍ ചര്‍ച്ചയായ വിഷയങ്ങളും, പ്രധാനമായി സ്വീകരിച്ച തീരുമാനങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ ഇന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ മാധ്യമങ്ങളോടു വിശദീകരിക്കും.
ഈ കാലഘട്ടത്തിലെ വെല്ലുവിളികളോടുള്ള ഭാരതസഭയുടെ പ്രതികരണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന പ്ളീനറി അസംബ്ളി ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ കഴിഞ്ഞ രണ്ടിനാണ് ആരംഭിച്ചത്. നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികള്‍, അടിസ്ഥാന സഭാഘടകമായ കുടുംബം, സഭാവിശ്വാസത്തിലെ തടസങ്ങള്‍, സമര്‍പ്പിതജീവിതത്തിലെ വെല്ലുവിളികള്‍, പെന്തക്കോസ്ത് സഭകളുടെ സ്വാധീനം, സഭയുടെ ദൌത്യത്തിലും ജീവിതത്തിലുമുള്ള വിശ്വാസികളുടെ നിയമാനുസൃതമായ പങ്ക്, ദരിദ്രരുടെ സഭയും അവയുടെ പ്രവചനപരമായ വ്യാപ്തിയും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്ളീനറി അസംബ്ളിയില്‍ ചര്‍ച്ചകള്‍ നടന്നു.
അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റ് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മോറസ് എന്നിവരടക്കം ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നായി ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരുമായി 180-ഓളം പേരാണ് പ്ളീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തത്. സിബിസിഐയുടെ വിവിധ ചുമതലകള്‍ വഹിക്കുന്ന ഇരുപതോളം വൈദികരും പങ്കെടുക്കുന്നുണ്ട്്. മത,സാമൂഹ്യ,രാഷ്ട്രീയ, സാമ്പത്തികരംഗത്തെ വിദഗ്ധരും ഒരാഴ്ചയായി നടന്ന അസംബ്ളിയെ അഭിസംബോധന ചെയ്തു. ഭാരതസംസ്കാരത്തിന്റെ മുഖമുദ്രയായ നാനാത്വത്തില്‍ ഏകത്വത്തിനും ബഹുസ്വരതയ്ക്കും നേരേ ഉയരുന്ന വെല്ലുവിളികളും സിബിസിഐ പ്ളീനറി അസംബ്ളി സജീവമായി ചര്‍ച്ചചെയ്തു.
യെമനില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഗതിമന്ദിരത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്ളീനറി അസംബ്ളി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനുള്ള നടപടികളും പ്ളീനറി അസംബ്ളിയില്‍ കൈക്കൊണ്ടു.
Source: Deepika