News >> ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് എല്ലാ വഴികളും തേടുമെന്നു കേന്ദ്രം

ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യെമനില്‍ എംബസിയുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജിബൂട്ടിയിലേക്ക് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം മാറ്റിയിരുന്നു. ഇവരുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും വിദേശകാര്യമന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വൈദികനെ ഉടന്‍തന്നെ മോചിപ്പിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ഇക്കാര്യത്തില്‍ അടിയന്തര നടപടിയാവശ്യപ്പെട്ടു നിവേദനം നല്‍കിയ ജോസ് കെ. മാണി എംപിക്കു സുഷമ സ്വരാജ് ഉറപ്പു നല്‍കി. എംപിമാരായ ആന്റോ ആന്റണി, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരും ജോസ് കെ. മാണിക്കൊപ്പം മന്ത്രിയെ കണ്ടിരുന്നു. 

മാതാവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ടു കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് നാട്ടിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഡിസംബറിലാണ് യെമനിലേക്കു മടങ്ങിയത്. അഞ്ച് വര്‍ഷം മുമ്പാണു മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ തെക്കന്‍ യെമനിലെ ഏഡനില്‍ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ചുമതല ഏറ്റെടുത്തത്. വടുതല ഡോണ്‍ ബോസ്കോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഡയറക്ടറായിരുന്ന ഫാ. ടോം, സലേഷ്യന്‍ ഫാദേഴ്സിന്റെ നേതൃത്വത്തിലുള്ള മിഷന്‍പ്രവര്‍ത്തനരംഗത്തായിരുന്നു.
Source: Deepika