News >> മദര്‍ തെരേസയുടെ നാമകരണ തീയതി ചൊവ്വാഴ്ച അറിയാം

വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട മദര്‍തെരേസയെ വിശുദ്ധയായി നാമകരണം ചെയ്യുന്ന തീയതി അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിക്കും. അന്നു രാവിലെ വത്തിക്കാന്‍ സമയം 10നു കര്‍ദിനാള്‍മാരുടെ സമ്മേളനം (കണ്‍സിസ്ററി) ചേരുന്നുണ്ട്. അതില്‍ നാമകരണ തീയതിയും ചടങ്ങ് നടത്തുന്ന സ്ഥലവും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കും.

മദര്‍ തെരേസയെ നാമകരണം ചെയ്യുന്നതു സംബന്ധിച്ച ഡിക്രിയില്‍ മാര്‍പാപ്പ ഒപ്പുവയ്ക്കും. സെപ്റ്റംബര്‍ നാലിനാകും നാമകരണ ചടങ്ങ് എന്ന് അനൌപചാരിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മദര്‍ തെരേസയോടൊപ്പം നാലുപേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. മെക്സിക്കോയില്‍നിന്നുള്ള ഹൊസെ ലൂയിസ് സാഞ്ചെസ് ഡെല്‍ റിയോ, പോളണ്ടില്‍നിന്നുള്ള യാന്‍ പാപ് ഷിന്‍സ്കി (ഈശോയുടെയും മറിയത്തിന്റെയും സ്റനിസ്ലാവുസ്), അര്‍ജന്റീനയില്‍നിന്നുള്ള ഹൊസെ ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊച്ചേറോ, സ്വീഡനില്‍നിന്നുള്ള മരിയ എലിസബത്ത് ഹെസല്‍ ബ്ളാഡ് എന്നിവരാണവര്‍.

മദര്‍ തെരേസയുടെ നാമകരണ ചടങ്ങ് വത്തിക്കാനില്‍ നടത്തുമെന്നാണു കരുതപ്പെടുന്നത്. 1997 സെപ്റ്റംബര്‍ അഞ്ചിനു മരണമടഞ്ഞ മദര്‍ 2003 ഒക്ടോബര്‍ 19നു റോമില്‍ നടന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 

ഇപ്പോഴത്തെ മാസിഡോണിയയിലുള്ള സ്കോപ്യെയില്‍ അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി 1910 ഓഗസ്റ് 26നാണു മദര്‍ തെരേസ ജനിച്ചത്. അന്നത്തെ പേര് ആഗ്നസ് ഗോണ്‍ജ ബൊയാജിയു എന്നായിരുന്നു. ലൊറേറ്റോ സന്യാസിനീസഭയില്‍ ചേര്‍ന്ന മദര്‍ 1929-ല്‍ ഇന്ത്യയിലെത്തി. 1950ല്‍ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു.
Source: Deepika