News >> മദ്യലഭ്യത കുറയ്ക്കാന്‍ നടപടിയുണ്ടാകണം: ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ യോഗം

കോട്ടയം: സംസ്ഥാനത്ത് ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും മദ്യലഭ്യത കുറയ്ക്കാന്‍ നപടിയുണ്ടാകണമെന്നു വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. കേരളത്തില്‍ പൊതുവിദ്യാഭ്യാസനിലവാരം കുറഞ്ഞുവരുന്നതില്‍ ആശങ്കയുണ്െടന്നും സ്കൂള്‍ അധ്യാപക പാക്കേജിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത് അപലപനീയമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ എയ്ഡഡ് മേഖലയില്‍ 60/2016 നമ്പരിലെ നിയമന ഉത്തരവ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണം. ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എല്ലാസഭകളും ഒരുമിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. അല്മായരെക്കൂടി ഉള്‍പ്പെടുത്തി മൂന്നു കമ്മിറ്റികള്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ രൂപവത്കരിക്കും. മൂല്യാധിഷ്ഠിത നവമാനവികതയ്ക്കു വേണ്ടിയും മദ്യത്തിനും ലഹരിക്കുമെതിരേയും ദളിത്-ക്രൈസ്തവ അവകാശങ്ങള്‍ക്കുവേണ്ടിയും ഐക്യത്തോടെ പോരാടും. മാനവികമൂല്യങ്ങളും മനുഷ്യാവകാശങ്ങളും നിലനിര്‍ത്താനും നിലപാടുകള്‍ അറിയിക്കാനും കാലഘട്ടത്തിനു യോജിച്ച പ്രതികരണമാണ് ഹൈറേഞ്ച് സംരക്ഷണസമിതിയടക്കം ഉള്ളവരില്‍നിന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. മാനവികമൂല്യം നല്‍കുന്നതിനൊപ്പം സഭയ്ക്കും സമൂഹത്തിനും രാഷ്ട്രീയനേതാക്കള്‍ക്കും മാധ്യമങ്ങളുടെ സേവനം ആവശ്യമാണ്.

കേരളത്തിലെ സമകാലിക, മത, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും, വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരേ ഭാരതത്തിലുടനീളമുണ്ടാകുന്ന മനുഷ്യാവകാശ ധ്വംസനത്തില്‍ ക്രൈസ്തവ സഭ സ്വീകരിക്കേണ്ട പൊതുസമീപനങ്ങളെ സംബന്ധിച്ച വിലയിരുത്തലുകളും ചര്‍ച്ചകളും ഉള്‍പ്പെടെ ഏഴ് വിഷയങ്ങള്‍ കൌണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കത്തോലിക്ക, ഓര്‍ത്തഡോക്സ്, യാക്കോബായ, സിഎസ്ഐ, മര്‍ത്തോമ്മ, ക്നാനായ, കല്‍ദായ സഭാ വിഭാഗങ്ങളില്‍നിന്നുള്ള മേലധ്യക്ഷന്മാരുടെ കൂട്ടായ്മയാണ് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍. സിഎസ്ഐ മധ്യകേരള മഹായിടവകയുടെ ആതിഥേയത്വത്തില്‍ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലായിരുന്നു യോഗം.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ ഡോ. സൂസെപാക്യം, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പവ്വത്തില്‍, തോമസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ബിഷപ്പുമാരായ മാര്‍ അപ്രേം, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, റവ. തോമസ് കെ. ഉമ്മന്‍, ഡോ. ജോഷ്വ മാര്‍ നിക്കോദോമോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റം, ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍, ഡോ. സ്റാന്‍ലി റോമന്‍, ഔഗേന്‍ മാര്‍ കുറിയാക്കോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തിമോസ് , ബിഷപ് റവ. ധര്‍മരാജ് റസാലം എന്നിവര്‍ പങ്കെടുത്തു.

സമ്മേളനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി.
Source: Deepika